ലുക്കിറ്റ ഹീറോയായി,സെവിയ്യയേയും തകർത്ത് റയൽ മാഡ്രിഡ്!

ഇന്നലെ ലാലിഗയിൽ നടന്ന 26 റൗണ്ട് പോരാട്ടത്തിൽ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് റയൽ മാഡ്രിഡ് സെവിയ്യയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലൂക്ക മോഡ്രിച്ച് നേടിയ ഗോളാണ് റയലിന് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്. ഇതോടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും റയൽ മാഡ്രിഡിന് കഴിഞ്ഞു.

വിനീഷ്യസ്,റോഡ്രിഗോ എന്നിവർക്കൊപ്പം മുന്നേറ്റ നിരയിൽ ബ്രാഹിം ഡയസായിരുന്നു ഉണ്ടായിരുന്നത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ റയൽ മാഡ്രിഡ് വാസ്ക്കസിലൂടെ ലീഡ് നേടിയിരുന്നു. എന്നാൽ VAR പരിശോധിച്ച റഫറി ഫൗൾ കാരണം ആ ഗോൾ നിഷേധിക്കുകയായിരുന്നു. പിന്നീട് റയലിന് ഗോൾ നേടാൻ മത്സരത്തിന്റെ 81ആം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു.81ആം മിനിട്ടിലാണ് മോഡ്രിച്ചിന്റെ വിജയഗോൾ പിറന്നത്.

ബോക്സിന്റെ വെളിയിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ മോഡ്രിച്ച് പന്ത് വലയിൽ എത്തിക്കുകയായിരുന്നു.ഈ ഗോളാണ് റയലിന് വിലപ്പെട്ട മൂന്ന് പോയിന്റുകൾ നേടിക്കൊടുത്തത്. സ്വന്തം മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈയൊരു വിജയം റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുള്ളത്.നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് റയൽ മാഡ്രിഡ് തന്നെയാണ്. 26 മത്സരങ്ങളിൽ നിന്ന് 65 പോയിന്റാണ് റയലിന് ഉള്ളത്.

രണ്ടാം സ്ഥാനത്ത് എഫ് സി ബാഴ്സലോണ വരുന്നു. 26 മത്സരങ്ങളിൽ നിന്ന് 57 പോയിന്റാണ് അവർക്കുള്ളത്. 25 മത്സരങ്ങളിൽ നിന്ന് 56 പോയിന്റുള്ള ജിറോണ തൊട്ട് പിറകിലുമുണ്ട്. ഇനി റയൽ മാഡ്രിഡ് അടുത്ത മത്സരത്തിൽ വലൻസിയയെയാണ് നേരിടുക. മാർച്ച് രണ്ടാം തീയതി രാത്രിയാണ് ആ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *