ലാലിഗയിൽ മറ്റൊരു നാഴികകല്ല് പിന്നിട്ട് സെർജിയോ റാമോസ് !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഹുയസ്ക്കയെ റയൽ മാഡ്രിഡ്‌ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തിരുന്നു. ഈ മത്സരത്തോടെ റയൽ മാഡ്രിഡ്‌ നായകൻ സെർജിയോ റാമോസ് മറ്റൊരു നാഴികകല്ല് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ലാലിഗയിൽ അഞ്ഞൂറ് മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ കപ്പിത്താൻ. തന്റെ പത്തൊൻപതാം സീസണിലും മിന്നുന്ന പ്രകടനമാണ് സെർജിയോ റാമോസ് കാഴ്ച്ചവെക്കുന്നത്. മുപ്പത്തിനാലു വയസ്സുകാരനായ താരം സെവിയ്യയിലൂടെയാണ് കരിയർ ആരംഭിച്ചത്. 2003-ലായിരുന്നു താരം ലാലിഗയിൽ പന്തു തട്ടി തുടങ്ങിയത്. സെവിയ്യക്ക് വേണ്ടി 39 ലാലിഗ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. 2005-ലാണ് റയൽ മാഡ്രിഡിൽ താരത്തിന്റെ ഐതിഹാസികകരിയർ ആരംഭിക്കുന്നത്.

റയൽ മാഡ്രിഡിന് വേണ്ടി 658 മത്സരങ്ങൾ താരം ആകെ പൂർത്തിയാക്കിയിട്ടുണ്ട്. ഈ കാലയളവിൽ അഞ്ച് ലാലിഗയും നാലു ചാമ്പ്യൻസ് ലീഗും താരം ക്ലബിനൊപ്പം നേടിക്കഴിഞ്ഞു. ലാലിഗയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനത്ത്‌ എത്താൻ റാമോസിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ലാലിഗയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച പ്രതിരോധനിരക്കാരുടെ പട്ടികയിലെ മൂന്നാമത്തെ താരമാണ് റാമോസ്. മനോളോ സാഞ്ചസ് (523), മിഗേൽ സോളെർ (504) എന്നിവരാണ് റാമോസിന് മുന്നിലുള്ളത്. ലാലിഗയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഗോൾകീപ്പർ അന്റോണി സുബിസറേറ്റയുടെ പേരിലാണ്. 622 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. അത്ലറ്റിക്ക് ബിൽബാവോ, ബാഴ്സ, വലൻസിയ എന്നീ ക്ലബുകളുടെ ഗോൾവല കാത്തിരുന്ന താരമാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *