ലാലിഗയിൽ ഇനി ഈ വർഷം ആരാധകർക്ക് പ്രവേശനമില്ല
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇനി ഈ വർഷം ലാലിഗയിൽ കാണികൾക്ക് പ്രവേശനമുണ്ടായേക്കില്ല. ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസ് ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണക്കെതിരെ വാക്സിൻ കണ്ടെത്താത്ത ഈ സാഹചര്യത്തിൽ സമൂഹവ്യാപനം തടയാൻ കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും സിഎസ്ഡിയും തമ്മിൽ നടത്തിയ ചർച്ചയിൽ ലീഗ് പുനരാരംഭിക്കാനുള്ള ആലോചനകൾ ഗൗരവരൂപത്തിൽ നടന്നതായും റിപ്പോർട്ടുകൾ ഉണ്ട്. മാത്രമല്ല കാണികൾ ഇല്ലാതെ മത്സരം നടത്തിയാലുള്ള നഷ്ടങ്ങളെ കുറിച്ചും ലീഗ് അധികൃതർ വിലയിരുത്തിയിട്ടുണ്ട്.
2021 വരെ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതിരിക്കാനാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്. എന്നാൽ ടിക്കറ്റ് വിൽപ്പനയുടെ അഭാവത്തിൽ ലാലിഗയിലെ ഓരോ ക്ലബുകൾക്കും 129.5 മില്യൺ യുറോയും സെക്കൻഡ് ഡിവിഷൻ ക്ലബുകൾക്ക് 12.5 മില്യൺ യുറോയും നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മത്സരം പൂർണ്ണമായും ഉപേക്ഷിക്കുകയാണെങ്കിൽ 956 മില്യൺ യുറോയും കാണികളെ പ്രവേശിപ്പിക്കാതെ ലീഗ് തുടരുകയാണെങ്കിൽ 350 മില്യൺ യുറോയുമാണ് ലാലിഗ നഷ്ടം പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഈ സീസണിലെ സീസൺ ടിക്കറ്റ് എടുത്തവർക്ക് അടുത്ത സീസണിൽ വിലകുറച്ചു കൊടുക്കാനും ലാലിഗ നിർബന്ധിതരായേക്കും.