ലാലിഗയിലെ ഏറ്റവും മികച്ച ടീം: ബാഴ്സയെ പ്രശംസിച്ച് എതിർ പരിശീലകൻ!
ഇന്ന് ലാലിഗയിൽ നടക്കുന്ന എട്ടാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ ഒസാസുനയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഒസാസുനയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.തുടർച്ചയായ എട്ടാം വിജയമാണ് ബാഴ്സലോണ ലക്ഷ്യം വെക്കുന്നത്.
തകർപ്പൻ പ്രകടനം നടത്തുന്ന ബാഴ്സ ലീഗിലെ എല്ലാ മത്സരങ്ങളും വിജയിച്ചു കഴിഞ്ഞു.21 പോയിന്റുമായി ബാഴ്സ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഏതായാലും ബാഴ്സയെ പ്രശംസിച്ചുകൊണ്ട് ഒസാസുനയുടെ പരിശീലകനായ വിസന്റെ മൊറീനോ രംഗത്ത് വന്നിട്ടുണ്ട്. ലാലിഗയിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് ഞങ്ങൾക്ക് കളിക്കേണ്ടി വരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.മൊറീനോയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ലാലിഗയിലെ ഏറ്റവും മികച്ച ടീമാണ് ബാഴ്സലോണ.മത്സരം വളരെയധികം ബുദ്ധിമുട്ടായിരിക്കും. ഈ മത്സരത്തിൽ വിജയിക്കണമെന്നുണ്ടെങ്കിൽ ഞങ്ങൾ ഏറ്റവും പെർഫെക്റ്റ് ആയ ഒരു മത്സരം കളിക്കേണ്ടിവരും.ഈ ക്ലബ്ബിലെ ഓരോ ആരാധകരെയും ഞങ്ങൾക്ക് ആവശ്യമുണ്ട്.എന്നിരുന്നാൽ പോലും മത്സരം ബുദ്ധിമുട്ടായിരിക്കും.ഞങ്ങളുടെ ചാൻസുകൾ പരമാവധി ഞങ്ങൾ മുതലെടുക്കണം. ബാഴ്സ ഏതൊക്കെ മേഖലയിലാണ് ഞങ്ങൾക്ക് മേൽ ആധിപത്യം പുലർത്തുക എന്നത് ഞങ്ങൾക്ക് അറിയാം.അത് കുറക്കാൻ വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുക.ഒരൊറ്റ താരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഏറ്റവും മികച്ച പ്രകടനം ഞങ്ങൾ പുറത്തെടുക്കേണ്ടതുണ്ട് ” ഇതാണ് ഒസാസുന പരിശീലകൻ പറഞ്ഞിട്ടുള്ളത്.
രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡിനെക്കാൾ നാല് പോയിന്റിന്റെ ലീഡ് നിലവിൽ ബാഴ്സലോണക്ക് ഉണ്ട്.അത് നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ബാഴ്സ മുന്നോട്ടുപോകുന്നത്. ഈ മത്സരത്തിനുശേഷം ചാമ്പ്യൻസ് ലീഗിൽ യങ്ങ് ബോയ്സിനെയാണ് ബാഴ്സലോണ നേരിടുക. ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മൊണാക്കോയോട് ബാഴ്സക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.