ലാപോർട്ട ഒരുങ്ങി തന്നെ,ഹാലന്റിനെ ബാഴ്സയിലെത്തിക്കും!
സമീപകാലത്ത് വലിയ പ്രതിസന്ധി അനുഭവിക്കേണ്ടി വന്നവരാണ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെസ്സി ഉൾപ്പെടെയുള്ളവരെ അവർക്ക് നഷ്ടമായിരുന്നു.അതിനുശേഷം അവരുടെ പ്രകടനം വളരെ മോശമായിരുന്നു. കൂടാതെ ഒരുപാട് കേസുകളും അവർക്ക് നേരിടേണ്ടി വന്നു. അങ്ങനെ പ്രതിസന്ധികൾ മാത്രമായിരുന്നു കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി ബാഴ്സക്ക് കൂട്ടുണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഫ്ലിക്കിന് കീഴിൽ മികച്ച പ്രകടനം നടത്താനും ബാഴ്സക്ക് സാധിക്കുന്നുണ്ട്.അങ്ങനെ ബാഴ്സ ഇപ്പോൾ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. കൂടാതെ ക്യാമ്പ് നൗവിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 2026 ഓടുകൂടി അത് റീ ഓപ്പൺ ചെയ്യാനാണ് ബാഴ്സയുടെ പ്രസിഡണ്ടായ ലാപോർട്ട ഉദ്ദേശിക്കുന്നത്.
അപ്പോഴേക്കും ഒരു സൂപ്പർസ്റ്റാറിന് ബാഴ്സക്ക് ആവശ്യമുണ്ട്.നിലവിൽ ക്ലബ്ബിനകത്ത് ഒരു സൂപ്പർസ്റ്റാറിന്റെ അഭാവം ഉണ്ട് എന്നാണ് പ്രസിഡന്റ് വിശ്വസിക്കുന്നത്.ആ സ്ഥാനത്തേക്ക് അവർ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് സൂപ്പർ താരം ഏർലിംഗ് ഹാലന്റിനെയാണ്. അദ്ദേഹത്തെ എന്ത് വിലകൊടുത്തും കൊണ്ടുവരാൻ ബാഴ്സ പ്രസിഡണ്ട് തീരുമാനിച്ചു കഴിഞ്ഞു എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന ഹാലന്റിനെ കൊണ്ടുവരിക എന്നത് ബാഴ്സയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരിക്കില്ല. പക്ഷേ ഹാലന്റ് ക്ലബ്ബ് വിടാനുള്ള സാധ്യതകളെ ഒരിക്കലും തള്ളിക്കളയാൻ സാധിക്കില്ല. വരുന്ന സമ്മറിൽ തന്നെ ലാപോർട്ട താരത്തിന് വേണ്ടി ശ്രമങ്ങൾ ആരംഭിക്കും. താരത്തെ കൊണ്ടുവരാൻ വേണ്ടി സർവ്വതും ചെയ്യാൻ പ്രസിഡന്റ് തയ്യാറായിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
ഈ സീസണിൽ പ്രീമിയർ ലീഗിൽ 7 മത്സരങ്ങൾ കളിച്ച ഹാലന്റ് 10 ഗോളുകൾ നേടിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് തവണയും പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയത് ഹാലന്റാണ്.അദ്ദേഹത്തെ എത്തിക്കാൻ കഴിഞ്ഞാൽ ബാഴ്സ കൂടുതൽ അപകടകാരികൾ ആകും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.