ലപോർട്ട സത്യം പറയുമെന്ന് പ്രതീക്ഷിക്കുന്നു, വിവാദങ്ങളിൽ പ്രതികരിച്ച് ആൽബ!

കഴിഞ്ഞ ദിവസം നടന്ന ലാലിഗ മത്സരത്തിൽ എഫ്സി ബാഴ്സലോണ രണ്ടിനെതിരെ നാല് ഗോളുകൾക്ക്‌ റയൽ സോസിഡാഡിനെ കീഴടക്കിയിരുന്നു. എന്നാൽ മത്സരത്തിനിടെ ചില ബാഴ്‌സ ആരാധകർ ജോർദി ആൽബയെ കൂവി വിളിച്ചിരുന്നു. ആൽബ സാലറി കട്ടിന് സമ്മതിച്ചില്ലെന്നും അത് മെസ്സി ബാഴ്‌സ വിടാനുള്ള കാരണങ്ങളിൽ ഒന്നായെന്നുമുള്ള ആരോപണങ്ങൾ ആൽബക്ക്‌ നേരെ ഉയർന്നിരുന്നു. ഏതായാലും ഈ വിവാദങ്ങളിൽ ജോർദി ആൽബ പ്രതികരിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളിൽ ഒരു കഴമ്പുമില്ലെന്നും പ്രസിഡന്റ്‌ ജോയൻ ലാപോർട്ട ഇക്കാര്യത്തിലുള്ള സത്യം വെളിപ്പെടുത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നുമാണ് ആൽബ അറിയിച്ചിട്ടുള്ളത്. മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജോർദി ആൽബ.

” യൂറോ 2020-ന് മുമ്പ് ആരും തന്നെ എന്നെ വിളിച്ചിട്ടില്ല. അത്തരത്തിലുള്ള ആരോപണങ്ങൾ തെറ്റാണ്.ക്ലബ് എന്നോട് സംസാരിച്ച സമയത്ത് ഞാൻ എന്തിനും തയ്യാറായിരുന്നു.എന്റെ ജീവിതകാലം മൊത്തം ഞാൻ ചിലവഴിച്ച ബാഴ്സലോണയിലാണ്.അത്കൊണ്ട് തന്നെ എന്റെ ആത്മാർത്ഥ ചോദ്യം ചെയ്യപ്പെട്ടത് എന്നെ വളരെയധികം വേദനിപ്പിച്ചു.ഇതുവരെ പ്രസിഡന്റ്‌ ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി സംസാരിച്ചിട്ടില്ല.അദ്ദേഹം സംസാരിക്കുമെന്നും സത്യം വെളിപ്പെടുത്തുമെന്നുമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഇവിടെ പ്രചരിക്കുന്ന നുണക്കഥകൾ എന്നെ അസ്വസ്ഥമാക്കുന്നു.ഇത്തരം കാര്യങ്ങൾ കേൾക്കുന്നത് എനിക്കും എന്റെ കുടുംബത്തിനും ഒരുപാട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.എനിക്ക് നന്നായി അറിയുന്ന വ്യക്തിയാണ് മെസ്സി.അത്കൊണ്ട് തന്നെ അദ്ദേഹം തുടരാൻ വേണ്ടി ഞാൻ എന്ത് ബുദ്ധിമുട്ടും സഹിക്കുമായിരുന്നു.മെസ്സി ക്ലബ് വിട്ടത് ക്യാപ്റ്റൻമാർ സാലറി കുറക്കാൻ തയ്യാറാവാത്തത് കൊണ്ടാണ് എന്നുള്ളത് നുണയാണ്.മെസ്സിയുടെ പ്രശ്നം എന്നുള്ളത് അദ്ദേഹത്തിനും ക്ലബ്ബിനും ഇടക്കും നടന്നതാണ്. അല്ലാതെ അതിൽ ക്യാപ്റ്റൻമാർക്ക് പങ്കില്ല.എന്നെ കുറിച്ച് ഒരുപാട് നെഗറ്റീവ് വാർത്തകൾ പുറത്തേക്ക് വരുന്നു. എല്ലാവരും ഞാൻ മോശക്കാരനാണ് എന്ന് കരുതുന്നു.എനിക്കിങ്ങനെ സംശയത്തിന്റെ മുൾ മുനയിൽ നിൽക്കാൻ സാധിക്കില്ല.അത്കൊണ്ട് തന്നെ സത്യാവസ്ഥ നിങ്ങൾ പ്രസിഡന്റിനോട്‌ ചോദിച്ചറിയണം.ഞങ്ങളുടെ ആത്മാർത്ഥ എന്നുള്ളത് അളക്കാവുന്നതിലുമപ്പുറമാണ്. ഈ സീസണിൽ മാത്രമല്ല, കഴിഞ്ഞ സീസണുകളിൽ ഒക്കെ തന്നെയും അങ്ങനെ ആയിരുന്നു.അതിനെ ചോദ്യം ചെയ്യുന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നു ” ആൽബ പറഞ്ഞു. ഏതായാലും ബാഴ്‌സയിലെ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല എന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *