റോഡ്രിഗോയെ വേണം,അവസരം മുതലെടുക്കാൻ പ്രീമിയർ ലീഗ് വമ്പന്മാർ!
അടുത്ത സീസണിൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിരയിൽ സജീവ സാന്നിധ്യമായി കൊണ്ട് കിലിയൻ എംബപ്പേ ഉണ്ടാകും. ഇപ്പോൾതന്നെ നിരവധി സൂപ്പർതാരങ്ങളാൽ സമ്പന്നമാണ് റയൽ മാഡ്രിഡ്.അതിന് പുറമേയാണ് എൻഡ്രിക്കും എംബപ്പേയും ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ പല താരങ്ങളുടെയും അവസരങ്ങൾ ചുരുക്കപ്പെടും.
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോക്ക് എംബപ്പേയുടെ വരവ് വലിയ ക്ഷീണമാവാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ അവസരങ്ങളായിരിക്കും കുറയുക.അതുകൊണ്ടുതന്നെ അദ്ദേഹം മാഡ്രിഡ് വിടും എന്ന റൂമറുകൾ പ്രചരിച്ചിരുന്നു.പക്ഷേ അക്കാര്യം അദ്ദേഹം നിരസിക്കുകയും ചെയ്തിരുന്നു. റയൽ മാഡ്രിഡിൽ താൻ ഇംപോർട്ടന്റാണ് എന്ന് തോന്നുന്നിടത്തോളം കാലം ക്ലബ്ബിൽ തന്നെ ഉണ്ടാകും എന്നായിരുന്നു റോഡ്രിഗോ അറിയിച്ചിരുന്നത്.
പക്ഷേ റയൽ മാഡ്രിഡിലെ ഈ ഒരു സാഹചര്യം മുതലെടുക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി രംഗത്ത് വന്നിട്ടുണ്ട്. അതായത് റോഡ്രിഗോയെ സ്വന്തമാക്കാൻ അവർക്ക് താല്പര്യം ഉണ്ട്.ആകർഷകമായ ഒരു ഓഫർ റയൽ മാഡ്രിഡിന് നൽകാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയുള്ളത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈയിടെ റയൽ മാഡ്രിഡുമായുള്ള തന്റെ കോൺട്രാക്ട് റോഡ്രിഗോ പുതുക്കിയിരുന്നു.നിലവിൽ അദ്ദേഹത്തിന് 2028 വരെയുള്ള കോൺട്രാക്ട് അവശേഷിക്കുന്നുണ്ട്.പക്ഷേ ഈ താരത്തിന്റെ തീരുമാനം ഇവിടെ നിർണായകമാണ്.മാഞ്ചസ്റ്റർ സിറ്റിയിലേക്ക് അദ്ദേഹം പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റയൽ മാഡ്രിഡ് അദ്ദേഹത്തെ കൈവിട്ടേക്കും. ഈ സമ്മറിൽ തന്നെ റോഡ്രിഗോ റയൽ വിടുമോ എന്നതാണ് കണ്ടറിയേണ്ടത്. ഒരുപക്ഷേ ഈ സീസണിൽ റയലിൽ തുടർന്ന്,തനിക്ക് ലഭിക്കുന്ന അവസരങ്ങളെ ആശ്രയിച്ച് ക്ലബ്ബ് വിടണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ റോഡ്രിഗോ തീരുമാനം കൈക്കൊള്ളാനാണ് സാധ്യതകൾ. 50 മത്സരങ്ങൾ കളിച്ച താരം 17 ഗോളുകളാണ് ഈ സീസണിൽ നേടിയിട്ടുള്ളത്.