റോഡ്രിഗോയുടെ വാട്സ്ആപ്പ് ചാനലിൽ ഡിലീറ്റ് ചെയ്യപ്പെട്ട മെസ്സേജിൽ ഉള്ളതെന്ത്?
ലാലിഗയിൽ നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.മയ്യോർക്കയായിരുന്നു റയലിനെ സമനിലയിൽ തളച്ചിരുന്നത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.റയലിന്റെ ഗോൾ നേടിയത് ബ്രസീലിയൻ സൂപ്പർ താരമായ റോഡ്രിഗോയായിരുന്നു.വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്നും തകർപ്പൻ ഗോൾ തന്നെയാണ് റോഡ്രിഗോ നേടിയിട്ടുള്ളത്.
മത്സരത്തിൽ റയലിന്റെ സൂപ്പർതാരങ്ങളായ എംബപ്പേ,വിനീഷ്യസ്,ബെല്ലിങ്ങ്ഹാം എന്നിവരൊക്കെ കളിച്ചിരുന്നു. പക്ഷേ റോഡ്രിഗോ മാത്രമായിരുന്നു ഗോൾ നേടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ഒരു പോസ്റ്റ് റോഡ്രിഗോയുടെ ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ വന്നിരുന്നു.ആ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് നമുക്ക് പരിശോധിക്കാം.
‘ കഴിഞ്ഞ ആഴ്ച എല്ലാവരും സംസാരിച്ചത് റയലിലെ ത്രയത്തെ കുറിച്ചാണ്.ബെല്ലിങ്ങ്ഹാം-വിനീഷ്യസ്- എംബപ്പേ എന്നിവർ അടങ്ങുന്നതായിരുന്നു ആ ട്രിയോ. പക്ഷേ അവർ അതിൽ റോഡ്രിഗോയുടെ R കൂടി ഉൾപ്പെടുത്തണം. നമുക്ക് അറ്റാക്കിങ്ങിൽ ഒരു നാലംഗ സംഘമാണ് ഉള്ളത്. അല്ലാതെ മൂന്നംഗ സംഘമല്ല. മത്സരങ്ങളിൽ എല്ലാവർക്കും ഒരുപോലെ പ്രാധാന്യമുണ്ട്. നമ്മൾ പങ്കെടുക്കുന്ന എല്ലാ കോമ്പറ്റീഷനിലും റോഡ്രിഗോയുടെ മൂല്യം എന്താണ് എന്നുള്ളത് അദ്ദേഹം തെളിയിക്കും ‘ ഇതായിരുന്നു ആ പോസ്റ്റിൽ ഉണ്ടായിരുന്നത്.
എന്നാൽ ഉടൻതന്നെ ഇത് ഡിലീറ്റ് ചെയ്യപ്പെട്ടു. യഥാർത്ഥത്തിൽ റോഡ്രിഗോ എഴുതി പങ്കുവെച്ചതല്ല ഇത്. മറിച്ച് അദ്ദേഹത്തിന്റെ മീഡിയ ടീമാണ് ഇങ്ങനെയൊരു പോസ്റ്റ് അദ്ദേഹത്തിന്റെ ഒഫീഷ്യൽ വാട്സ്ആപ്പ് ചാനലിൽ പങ്കുവെച്ചത്.ഇത് വലിയ ചർച്ചാവിഷയമായതോടെയാണ് അവർ അത് ഡിലീറ്റ് ചെയ്തത്.
അതായത് എംബപ്പേ വന്നതോടുകൂടി റോഡ്രിഗോക്ക് ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് വിശ്വസിക്കുന്നത്. പക്ഷേ കഴിഞ്ഞ മത്സരത്തിൽ ഗോളടിച്ചുകൊണ്ട് റോഡ്രിഗോ തന്റെ മൂല്യം തെളിയിച്ചു ഒന്നും അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന നൽകണമെന്നുമാണ് താരത്തിന്റെ മീഡിയ ടീം ഇതിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്.