റോക്കിന് ലെവന്റോസ്ക്കിയുടെ പാർട്ണറാവാമെന്ന് സാവി, അരങ്ങേറ്റം ഇന്ന് ഉണ്ടാവുമോ?
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ ലാസ് പാൽമസാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം രണ്ടുമണിക്ക് ലാസ് പാൽമസിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിനുള്ള സ്‌ക്വാഡ് നേരത്തെ ബാഴ്സലോണ പ്രഖ്യാപിച്ചിരുന്നു. ബ്രസീലിയൻ സൂപ്പർ താരമായ വിറ്റോർ റോക്ക് സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.
താരത്തിന്റെ അരങ്ങേറ്റം ഇന്നത്തെ മത്സരത്തിൽ ഉണ്ടാകുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം.എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവി ഈ ബ്രസീലിയൻ താരത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.റോക്കിനും ലെവന്റോസ്ക്കും ഒരുമിച്ച് കളിക്കാൻ കഴിയുമെന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്.റോക്കിന് അഡാപ്റ്റാവാൻ ആവശ്യമായ സമയം അനുവദിക്കണമെന്നും ഇദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.ബാഴ്സ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
❗️Official: Vitor Roque has been registered. pic.twitter.com/P71FIG41jC
— Barça Universal (@BarcaUniversal) January 3, 2024
” വരുന്ന മത്സരത്തിനുള്ള സ്‌ക്വാഡിൽ അദ്ദേഹം ഇടം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തിൽ സ്റ്റെപ്പ് ബൈ സ്റ്റെപ് ആയി കൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോവുക. കേവലം 18 വയസ്സ് മാത്രമുള്ള ഒരു പയ്യനാണ് അദ്ദേഹം.അതുകൊണ്ടുതന്നെ നമുക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിൽ വച്ച് കെട്ടാനാവില്ല. അദ്ദേഹത്തിന് അഡാപ്റ്റാവാൻ സമയം നൽകേണ്ടതുണ്ട്.പക്ഷേ അദ്ദേഹം കളിക്കാൻ തയ്യാറായിട്ടുണ്ട്.പരിശീലനം മികച്ച രൂപത്തിൽ പൂർത്തിയാക്കി.അദ്ദേഹം ഒരു പ്രൊഫഷണൽ ആണ്. വളരെ വേഗത്തിൽ അഡാപ്റ്റാവുന്നുണ്ട്. എന്നിരുന്നാലും ഞങ്ങൾ അദ്ദേഹത്തിന്റെ കാര്യത്തിൽ സൂക്ഷ്മതകൾ പുലർത്തുന്നുണ്ട്. അദ്ദേഹത്തിന് ലെവന്റോസ്ക്കിക്കൊപ്പം കളിക്കാൻ സാധിക്കും.വിങ്ങറായിക്കൊണ്ടും നമ്പർ 9 സ്ട്രൈക്കർ പൊസിഷനിലും അദ്ദേഹത്തിന് കളിക്കാം. ടീമിനകത്ത് ഒരു കോമ്പറ്റീഷൻ സൃഷ്ടിക്കാൻ തീർച്ചയായും അദ്ദേഹത്തിനു കഴിയും”ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് ഇന്നത്തെ മത്സരത്തിൽ അരങ്ങേറ്റം നടത്താൻ അദ്ദേഹം തയ്യാറായിക്കഴിഞ്ഞു എന്നുള്ള കാര്യം പരിശീലകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് അരങ്ങേറ്റം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്രസീലിയൻ ക്ലബ്ബായ അത്‌ലറ്റിക്കോ പാരനെയ്ൻസിൽ നിന്നാണ് അദ്ദേഹം ബാഴ്സലോണയിൽ എത്തിയിട്ടുള്ളത്. 81 മത്സരങ്ങളിൽ നിന്ന് 28 ഗോളുകളാണ് അവർക്ക് വേണ്ടി റോക്ക് നേടിയിട്ടുള്ളത്.