റൊണാൾഡോ വന്നപ്പോൾ ഉണ്ടായ കുതിച്ചു ചാട്ടം മെസ്സി വരുന്നതോടെ പൂർണ്ണമാകും:സൗദി FA പ്രസിഡന്റ്‌

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കിയത്. റൊണാൾഡോ യൂറോപ്പ് വിട്ടുകൊണ്ട് സൗദിയിലേക്ക് വന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. പക്ഷേ സൗദി അറേബ്യൻ ഫുട്ബോളിൽ വലിയ ഒരു കുതിച്ചുചാട്ടമാണ് അത് ഉണ്ടാക്കിയത്. റൊണാൾഡോ വന്നതോടുകൂടി കൂടുതൽ സൂപ്പർതാരങ്ങൾ സൗദിയിലേക്ക് വരുമെന്നുള്ള ആത്മവിശ്വാസം അവർക്ക് ലഭിക്കുകയായിരുന്നു.

അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ലയണൽ മെസ്സിയെ അവർ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ഓഫറാണ് ലയണൽ മെസ്സിക്ക് ഇപ്പോൾ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ നൽകിയിരിക്കുന്നത്. മാത്രമല്ല നിലവിലെ ബാലൺഡി’ഓർ ജേതാവായ കരീം ബെൻസിമയെ കൂടി എത്തിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യയുള്ളത്. ഈ വിഷയത്തിൽ സൗദി അറേബ്യൻ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ യാസർ അൽ മിസെഹൽ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് റൊണാൾഡോ സൗദിയിൽ തുടങ്ങിവെച്ച കുതിച്ചുചാട്ടം മെസ്സി വന്നാൽ പൂർണ്ണമാകും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. സൗദി FA പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി വരുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ സത്യം പറഞ്ഞാൽ എനിക്ക് യാതൊരുവിധ അറിവുകളും ഇല്ല.പക്ഷേ വ്യക്തിപരമായി സൗദി അറേബ്യൻ ലീഗിൽ ലയണൽ മെസ്സി കളിക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോ വന്നപ്പോൾ സൗദി അറേബ്യൻ ഫുട്ബോളിന് ഒരു വലിയ കുതിച്ചുചാട്ടം തന്നെ സംഭവിച്ചിട്ടുണ്ട്. ലയണൽ മെസ്സി വരുന്നതോടുകൂടി ആ കുതിച്ചുചാട്ടം പൂർണമാവും ” ഇതാണ് മിസെഹൽ പറഞ്ഞിട്ടുള്ളത്.

വലിയ ഒരു ഓഫർ ലയണൽ മെസ്സിക്ക് അൽ ഹിലാൽ നൽകിയിട്ടുണ്ടെങ്കിലും മെസ്സിയെ എത്തിക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമായിരിക്കില്ല. സൗദി അറേബ്യയുടെ ടൂറിസം അംബാസിഡറാണ് മെസ്സി. പക്ഷേ സൗദി അറേബ്യൻ ഫുട്ബോളിനോട് മെസ്സി അത്ര താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.അതേസമയം യൂറോപ്പ് വിടാൻ മെസ്സി തീരുമാനിച്ചാൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയെ പരിഗണിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *