റൊണാൾഡോയും സിദാനും മാതൃക, അവരെപ്പോലെ ബാലൺ ഡി’ഓർ നേടണം : ബെൻസിമ

ഫുട്ബോൾ ലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന പുരസ്‌കാരമാണ് നവംബർ 29-ആം തിയ്യതി പ്രഖ്യാപിക്കാൻ പോവുന്നത്. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരമായ ബാലൺ ഡി’ഓറാണ് ഫ്രാൻസ് ഫുട്ബോൾ അന്നേ ദിവസം സമ്മാനിക്കുക. ഇത്തവണ ആരായിരിക്കും ജേതാവ് എന്നാണ് ആരാധകർക്കറിയേണ്ടത്.

നേടാൻ സാധ്യതയുള്ള താരങ്ങളുടെ കൂട്ടത്തിൽ ഉയർന്നു കേൾക്കുന്ന ഒരു പേരാണ് റയലിന്റെ സൂപ്പർ താരമായ കരിം ബെൻസിമയുടേത്.കഴിഞ്ഞ ലാലിഗയിൽ ഗോൾ നേട്ടത്തിൽ രണ്ടാമതായിരുന്നു ബെൻസിമ. ഈ സീസണിൽ ഗോളിലും അസിസ്റ്റിലും ഒന്നാമതാണ്. കൂടാതെ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിനോടൊപ്പം താരം നേടുകയും ചെയ്തു.

ഏതായാലും ബാലൺ ഡി’ഓറുമായി ബന്ധപ്പെട്ട കാര്യത്തിൽ ബെൻസിമ തന്റേതായിട്ടുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ് ബാലൺ ഡി’ഓറെന്നും ബാലൺ ഡി’ഓർ നേടിയ സിദാനും റൊണാൾഡോ നസാരിയോയുമൊക്കെയാണ് തന്റെ മാതൃക എന്നുമാണ് ബെൻസിമ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.

” ബാലൺ ഡി’ഓർ നേടുക എന്നുള്ളത് എന്റെ ഒരു ആഗ്രഹമാണ്.എന്റെ കുട്ടിക്കാലം മുതലേയുള്ള സ്വപ്നമാണ് ബാലൺ ഡി’ഓർ നേടുക എന്നുള്ളത്.റൊണാൾഡോ നസാരിയോയും സിദാനുമാണ് എന്റെ മാതൃകകൾ. അവർ രണ്ട് പേരും റയലിലേക്ക് വരികയും ബാലൺ ഡി’ഓർ നേടുകയും ചെയ്തവരാണ്.അത്കൊണ്ടാണ് ഞാനും ബാലൺ ഡി’ഓറിനെ പറ്റി ചിന്തിക്കുന്നത്.ഇന്ന് ഞാൻ അതിൽ നിന്നും ദൂരെയൊന്നുമല്ല ” ബെൻസിമ പറഞ്ഞു.

സിദാനും റൊണാൾഡോ നസാരിയോയുമൊക്കെ ബാലൺ ഡി’ഓർ അർഹിക്കുന്നത് ബെൻസിമയാണെന്ന് അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *