റൊണാൾഡോ,ഇബ്ര,സുവാരസ്,ഏറ്റു,റൊമാരിയോ.. എല്ലാവരെയും തകർത്തെറിഞ്ഞ് ലെവന്റോസ്ക്കിയുടെ കുതിപ്പ്!
ഈ സീസണിൽ ബാഴ്സയിലേക്ക് എത്തിയ സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. 6 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ നേടിയ ലെവന്റോസ്ക്കിയാണ് ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. മാത്രമല്ല യുവേഫ ചാമ്പ്യൻസ് ലീഗിൽ ലെവന്റോസ്ക്കി ബാഴ്സക്ക് വേണ്ടി ഹാട്രിക് നേടുകയും ചെയ്തിരുന്നു.
ഏതായാലും ഒരു ഗംഭീര തുടക്കം തന്നെയാണ് ലെവന്റോസ്ക്കിക്ക് ബാഴ്സ ജേഴ്സിയിൽ ലാലിഗയിൽ ലഭിച്ചിട്ടുള്ളത്. ഇത്രയും മികച്ച തുടക്കം ഇതിന് മുമ്പ് ബാഴ്സയിൽ കളിച്ചിട്ടുള്ള പേരുകേട്ട സ്ട്രൈക്കർമാർക്കൊന്നും ലഭിച്ചിട്ടില്ല.സുവാരസ്,ഇബ്ര,ഏറ്റു,റൊമാരിയോ,റൊണാൾഡോ എന്നിവർക്കൊന്നും സ്വന്തമാക്കാൻ കഴിയാത്ത നേട്ടമാണ് ഇപ്പോൾ ലെവ കരസ്ഥമാക്കിയിട്ടുള്ളത്.
ഇതിനു മുൻപ് ബാഴ്സയിൽ ആരും തന്നെ തങ്ങളുടെ ആദ്യ സീസണിൽ ലാലിഗയിലെ ആദ്യത്തെ ആറു മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ നേടിയിട്ടില്ല. ബ്രസീലിയൻ ഇതിഹാസമായ റൊമാരിയോയാണ് ഒരല്പമെങ്കിലും തൊട്ടടുത്തുള്ളത്.1993/94 സീസണിലാണ് ഇദ്ദേഹം ബാഴ്സക്ക് വേണ്ടി ലാലിഗയിൽ കളിച്ചു തുടങ്ങുന്നത്. ആ സീസണിൽ 6 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് ഇദ്ദേഹം നേടിയിട്ടുള്ളത്.
A flying start to the season for the Polehttps://t.co/SVJvKHsbhk
— MARCA in English (@MARCAinENGLISH) September 18, 2022
മറ്റൊരു ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോയുടെ കാര്യത്തിലേക്ക് വന്നാൽ,ആദ്യ ആറു ലാലിഗ മത്സരങ്ങളിൽ നിന്ന് 5 ഗോളുകളാണ് ഇദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്.2004/05 സീസണിൽ ഇതിഹാസ താരം സാമുവൽ ഏറ്റുവിന് ഒരു മികച്ച തുടക്കം ലഭിച്ചിരുന്നു.5 ഗോളുകൾ ആയിരുന്നു അദ്ദേഹം ലാലിഗയിലെ ആദ്യ ആറു മത്സരങ്ങളിൽ നിന്ന് നേടിയിരുന്നത്. സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് 3 ഗോളുകളാണ് തുടക്കത്തിൽ സ്വന്തമാക്കിയിട്ടുള്ളത്.
ലൂയിസ് സുവാരസാണ് അവസാനമായി ബാഴ്സക്ക് വേണ്ടി കളിച്ച ഒരു ടോപ്പ് സെന്റർ ഫോർവേഡ്. എന്നാൽ ആദ്യ സീസണിൽ ലാലിഗയിൽ ഒമ്പതാം റൗണ്ട് പോരാട്ടത്തിൽ മാത്രമാണ് അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നത്.
ചുരുക്കത്തിൽ സമീപകാലത്ത് ഇത്രയും മികച്ച ഒരു തുടക്കം ബാഴ്സയിലെ ഒരു സ്ട്രൈക്കർക്കും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് താരത്തിൽ ഈ സീസണിൽ ബാഴ്സ ആരാധകർ വെച്ച് പുലർത്തുന്നത്.