റൊണാൾഡീഞ്ഞോയുടെ മകനെ സൈൻ ചെയ്ത് ബാഴ്സ!
2003 മുതൽ 2008 വരെ എഫ് സി ബാഴ്സലോണക്ക് വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസമാണ് റൊണാൾഡീഞ്ഞോ.ഈ കാലയളവിൽ ആകെ 207 മത്സരങ്ങൾ ആയിരുന്നു ഈ ബ്രസീലിയൻ ഇതിഹാസം ബാഴ്സക്ക് വേണ്ടി കളിച്ചിരുന്നത്. അതിൽ നിന്ന് 94 ഗോളുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ട് ലാലിഗ കിരീടവും നേടാൻ ബാഴ്സയെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. മാത്രമല്ല ബാലൺഡി’ഓർ പുരസ്കാരവും അദ്ദേഹം തന്റെ കരിയറിൽ കരസ്ഥമാക്കിയിട്ടുണ്ട്.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് റൊണാൾഡീഞ്ഞോയുടെ മകനായ ജോവോ മെൻഡസ് എഫ്സി ബാഴ്സലോണയുമായി കോൺട്രാക്ട് സൈൻ ചെയ്തിട്ടുണ്ട്. ബാഴ്സയുടെ അണ്ടർ 19 ടീമിനു വേണ്ടിയാണ് ഈ ബ്രസീലിയൻ ഇതിഹാസത്തിന്റെ മകൻ കളിക്കുക.ഒരു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പു വച്ചിരിക്കുന്നത്.
അടുത്ത വർഷത്തെ സമ്മറിൽ അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കും. ഈ ഒരു വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബാഴ്സ പിന്നീട് കോൺട്രാക്ട് പുതുക്കണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ തീരുമാനം എടുക്കുക. മുന്നേറ്റ നിരയിൽ ആണ് മെൻഡസ് കളിക്കുന്നത്. ബാഴ്സയുടെ ട്രയലിൽ പങ്കെടുത്തതിനു ശേഷമാണ് ഇപ്പോൾ അദ്ദേഹത്തിന് കോൺട്രാക്ട് ലഭിക്കുന്നത്. പതിനാലാം വയസ്സു മുതൽ ബ്രസീലിയൻ ക്ലബ്ബായ ക്രൂസയ്റോയുടെ ഭാഗമായിരുന്നു ഇദ്ദേഹം.കഴിഞ്ഞവർഷമായിരുന്നു അദ്ദേഹത്തിന്റെ അവിടത്തെ കോൺട്രാക്ട് അവസാനിച്ചത്.
Ronaldinho's son has officially signed for Barcelona! ✍️🔥 pic.twitter.com/MFkQJr05zI
— SPORTbible (@sportbible) March 2, 2023
ഏതായാലും പിതാവിനെ പോലെ കഴിവ് തെളിയിക്കാൻ മകന് സാധിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. യൂറോപ്പിലെ ഒട്ടേറെ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസമാണ് റൊണാൾഡീഞ്ഞോ.പിഎസ്ജിക്ക് വേണ്ടിയും എസി മിലാന് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 2015 ലായിരുന്നു അദ്ദേഹം തന്റെ കരിയറിന് വിരാമം കുറിച്ചത്.