റെക്കോർഡിട്ടതിന് പിന്നാലെ റാമോസിന് പരിക്ക്, റയൽ ആശങ്കയിൽ

ലാലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സോസിഡാഡിനെ തകർത്തു കൊണ്ട് റയൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു. മത്സരത്തിലെ ആദ്യഗോൾ പിറന്നത് റാമോസിന്റെ ബൂട്ടുകളിൽ നിന്നായിരുന്നു. മത്സരത്തിന്റെ അൻപതാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു കൊണ്ട് സെർജിയോ റാമോസ് നടന്നുകയറിയത് മറ്റൊരു റെക്കോർഡിലേക്കായിരുന്നു. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പ്രതിരോധനിരക്കാരൻ എന്ന ഖ്യാതി ഇനി റാമോസിന് സ്വന്തമാണ്. കഴിഞ്ഞ എയ്ബറിനെതിരായ മത്സരത്തിൽ റാമോസ് ഗോൾ നേടിയതോടെ താരത്തിന്റെ ലാലിഗ ഗോൾ നേട്ടം 67 ആയിരുന്നു. അന്ന് ഏറ്റവും കൂടുതൽ ലാലിഗ ഗോളുകൾ നേടിയ റൊണാൾഡ്‌ കോമാന്റെ റെക്കോർഡിനൊപ്പമായിരുന്നു റാമോസിന്റെ സ്ഥാനം.

എന്നാൽ ഇന്നലെ ഗോൾ കണ്ടെത്തിയതോടെ കോമാനെ പിന്തള്ളി താരം ഒന്നാം സ്ഥാനം ഒറ്റക്ക് നേടിയെടുക്കുകയായിരുന്നു. 68 ലാലിഗ ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. മുൻ റയൽ മാഡ്രിഡ്‌ ഡിഫൻഡറായിരുന്ന ഫെർണാണ്ടോ ഹിയറോ ലീഗിൽ 105 ഗോളുകൾ നേടിയിരുന്നുവെങ്കിലും താരം ഏറെ കാലം മിഡ്ഫീൽഡിലും കളിച്ചിരുന്നു എന്ന കാരണത്താൽ അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. എന്നാൽ ഗോൾ നേടി പത്ത് മിനുട്ടുകൾക്കകം താരത്തിന് കളം വിടേണ്ടിയും വന്നു. മത്സരത്തിന്റെ അറുപതാം മിനുട്ടിൽ അലക്‌സാണ്ടർ ഐസകുമായുള്ള പോരാട്ടത്തിനൊടുവിൽ താരത്തിന്റെ മുട്ടിനു പരിക്കേൽക്കുകയായിരുന്നു. ഇതോടെ താരത്തെ സിദാൻ പിൻവലിക്കുകയും മിലിറ്റാവോയെ പകരം ഇറക്കുകയും ചെയ്തു. തുടർന്ന് എൺപത്തിമൂന്നാം മിനുട്ടിൽ സോസിഡാഡ് ഗോൾ നേടുകയും ചെയ്തിരുന്നു.

” ആ സമയത്ത് അതൊരു വേദനാജനകമായ സംഭവമായിരുന്നു. ഞാൻ ചിന്തിച്ചിടത്തോളം ചെറിയൊരു ആഘാതമാണ് താരത്തിന്റെ പരിക്ക് ഞങ്ങൾക്ക് ഏൽപ്പിച്ചത്. എന്നാൽ പിന്നീടത് ശരിയായി. പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ പുറത്ത് വരും. പക്ഷെ ഈയൊരു സാഹചര്യത്തിൽ അതൊരു തിരിച്ചടി തന്നെയാണ് ” മത്സരശേഷം സിദാൻ മാധ്യമങ്ങളോട് പറഞ്ഞു. ലാലിഗ പുനരാരംഭിച്ചതിന് ശേഷം റയൽ മാഡ്രിഡ്‌ തകർപ്പൻ ഫോമിലാണ്. മൂന്ന് മത്സരങ്ങളിലും വെന്നിക്കൊടി നാട്ടിയ റയൽ ആകെ അടിച്ചു കൂട്ടിയത് എട്ട് ഗോളുകളാണ്. നിലവിൽ ബാഴ്സയ്ക്കും റയലിനും ഒരേ പോയിന്റ് ആണെങ്കിലും പരസ്പരം ഏറ്റുമുട്ടിയ കണക്ക് വെച്ച് റയലാണ് ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *