റാമോസിന് നിഷ്പ്രയാസം നാല്പതാം വയസ്സ് വരെ കളിക്കാനാവുമെന്ന് മുൻ താരം !

റയൽ മാഡ്രിഡിന് നായകൻ സെർജിയോ റാമോസിന് തന്റെ നാല്പതാമത്തെ വയസ്സ് വരെ നിഷ്പ്രയാസം കളിക്കാൻ കഴിയുമെന്ന് മുൻ റയൽ താരം വാൻഡെർ വാർട്ട്. കഴിഞ്ഞ ദിവസം യുവേഫയുടെ ഒരു പരിപാടിയുമായി സംബന്ധിച്ച് പെർഫോം ന്യൂസിനോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം റാമോസിനെ പ്രശംസകൾ കൊണ്ട് മൂടിയത്. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർ റാമോസ് ആണെന്ന് സംശയമില്ലാതെ പറയാമെന്നും അദ്ദേഹത്തിന് മുപ്പത്തിനാല് വയസ്സായി എന്നുള്ളത് അവിശ്വസനീയമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സീസണിൽ മിന്നും ഫോമിലാണ് താരം കളിക്കുന്നത്. ലാലിഗയിൽ പതിനൊന്ന് ഗോളുകളാണ് ഈ പ്രതിരോധനിര താരം അടിച്ചു കൂട്ടിയത്. അതേസമയം താരത്തിന്റെ അഭാവത്തിലാണ് റയൽ സിറ്റിയെ നേരിടുന്നത്. വാൻഡെർ വാർട്ട് ആവട്ടെ 2008 മുതൽ 2010 വരെ റയലിൽ കളിച്ച താരമാണ്. സെർജിയോ റാമോസിനൊപ്പം കളിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

” എന്നെ സംബന്ധിച്ചെടുത്തോളം അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർ, ഞാൻ റയലിൽ എത്തുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സാണ്. വളരെ സമർത്ഥനായിരുന്നു. എല്ലായിടത്തും എത്തിച്ചേരുമായിരുന്നു. ഫ്രീകിക്കോ കോർണർ കിക്കോ ഒക്കെ ലഭിച്ചാൽ അവിടെ തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം വ്യത്യസ്ഥനായി. തന്റെ കഴിവുകളെ റാമോസ് തിരിച്ചറിഞ്ഞു. തന്റെ കരുത്തിനെ കുറിച്ചും ഉത്തരവാദിത്തത്തെ കുറിച്ചും അദ്ദേഹം ബോധമുള്ളവനായി. ടീമിനെ സഹായിച്ചു. ഒരുപാട് കിരീടങ്ങൾ നേടാൻ കാരണക്കാരനായി. അദ്ദേഹം ശരീരം അവിശ്വസനീയമായ ഒരു കാര്യമാണ്. ഒരു യന്ത്രത്തിന് തുല്യമാണ് അദ്ദേഹം. ഓരോ ദിവസവും അദ്ദേഹത്തിന്റെ കളി കാണുമ്പോൾ എനിക്ക് തോന്നും, ശരിക്കും ഇദ്ദേഹത്തിന് മുപ്പത്തിനാല് വയസ്സ് തന്നെയാണോ എന്ന്. അദ്ദേഹത്തിന് ആറു വർഷം കൂടി കളിക്കാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം ” ഡച്ച് ഡിഫൻഡർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *