റാഫീഞ്ഞയുടെ ഗോൾ നിഷേധിച്ചു, വ്യാപക പ്രതിഷേധം,VAR സെലിബ്രേഷൻ നടത്തി താരം!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സലോണ ലാസ് പാൽമസിനെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ താരം റാഫീഞ്ഞയുടെ ഗോളാണ് ബാഴ്സലോണക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിന്റെ 59ആം മിനുട്ടിൽ ഹെഡറിലൂടെയാണ് റാഫീഞ്ഞ ഗോൾ കണ്ടെത്തിയിട്ടുള്ളത്.ഫെലിക്സിന്റെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്.

മത്സരത്തിന്റെ 19ആം മിനിറ്റിൽ റാഫീഞ്ഞ ബാഴ്സലോണക്ക് വേണ്ടി ഗോൾ നേടിയിരുന്നു.എന്നാൽ റഫറി പിന്നീട് അത് ഓഫ്സൈഡ് വിധിക്കുകയായിരുന്നു. പക്ഷേ അത് ഓഫ്സൈഡ് അല്ല എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.ആ ഗോൾ നിഷേധിച്ചതിൽ വ്യാപക പ്രതിഷേധം ഇപ്പോൾ ഉയരുന്നുണ്ട്. മാത്രമല്ല അതിനുശേഷം നേടിയ ഗോൾ VAR വിളിക്കുന്ന ആംഗ്യം കാണിച്ചുകൊണ്ടാണ് റാഫീഞ്ഞ സെലിബ്രേറ്റ് ചെയ്തിട്ടുള്ളത്.

താരത്തിന്റെ ഗോൾ നിഷേധിച്ചതിൽ ബാഴ്സ പരിശീലകനായ ചാവി പ്രതികരിച്ചിട്ടുണ്ട്.റാഫീഞ്ഞയുടെ ഗോൾ നിഷേധിച്ചത് ഗുരുതരമായ റഫറിംഗ് പിഴവാണ് എന്നാണ് ചാവി ആരോപിച്ചിരിക്കുന്നത്. മത്സരശേഷം റാഫീഞ്ഞയും ഈ വിവാദത്തിൽ പ്രതികരിച്ചിട്ടുണ്ട്.എന്തുകൊണ്ടാണ് തന്റെ ഗോൾ റഫറി നിഷേധിച്ചത് എന്നത് ഇപ്പോഴും തനിക്ക് മനസ്സിലായിട്ടില്ല എന്നാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.

ബാഴ്സ ക്യാപ്റ്റനായ സെർജി റോബർട്ടോയും റഫറിയെ വിമർശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ആ ഗോൾ നിഷേധിച്ചത് എന്നത് സമയം കിട്ടുമ്പോൾ പറഞ്ഞു നൽകാമെന്നാണ് റഫറി തന്നോട് പറഞ്ഞതെന്നും അത് വിശദീകരിക്കാൻ റഫറിക്ക് തന്നെ ബുദ്ധിമുട്ടാണ് എന്നുമാണ് റോബെർട്ടോ പറഞ്ഞിട്ടുള്ളത്.ചുരുക്കത്തിൽ ഇക്കാര്യത്തിൽ വിവാദം പുകയുകയാണ്. ലാലിഗയിലെ റഫറിംഗ് സമീപകാലത്ത് വലിയ വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *