റാഫീഞ്ഞക്കും പരിക്ക്,ബ്രസീൽ ടീമിൽ വീണ്ടും മാറ്റം വരുത്താൻ ഡിനിസ്.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് വമ്പൻമാരായ ബ്രസീൽ കളിക്കുന്നത്. ആദ്യ മത്സരത്തിൽ വെനിസ്വേലയാണ് ബ്രസീലിന്റെ എതിരാളികൾ.ഒക്ടോബർ പതിമൂന്നാം തീയതി രാവിലെ ആറുമണിക്കാണ് ഈ മത്സരം നടക്കുക. പിന്നീട് ഒക്ടോബർ പതിനെട്ടാം തീയതി പുലർച്ചെ 5:30ന് നടക്കുന്ന മത്സരത്തിൽ ഉറുഗ്വയെ ബ്രസീൽ നേരിടും.
ഈ മത്സരങ്ങൾക്കുള്ള ടീമിനെ നേരത്തെ തന്നെ പരിശീലകനായ ഫെർണാണ്ടൊ ഡിനിസ് പ്രഖ്യാപിച്ചതാണ്. അതിൽ നിന്നും ഒരു മാറ്റം ഡിനിസ് പിന്നീട് വരുത്തിയിരുന്നു. പരിക്കേറ്റ കയോ ഹെൻറിക്കെക്ക് പകരം ഗില്ലർമെ അരാനെയെ ഡിനിസ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മറ്റൊരു മാറ്റം കൂടി ഈ പരിശീലകൻ ഇപ്പോൾ നടത്തേണ്ടി വരും. എന്തെന്നാൽ സൂപ്പർ താരം റാഫീഞ്ഞക്കും ഇപ്പോൾ പരിക്കേറ്റിട്ടുണ്ട്.
Raphinha will be out, at the very least, until after the international break. He should be able to play El Clasico.
— Barça Universal (@BarcaUniversal) September 29, 2023
— @tjuanmarti pic.twitter.com/QrlgNzVgzi
കഴിഞ്ഞ ദിവസം ബാഴ്സയും സെവിയ്യയും തമ്മിൽ നടന്ന മത്സരത്തിനിടയാണ് റാഫീഞ്ഞക്ക് പരിക്കേറ്റത്. തുടർന്ന് ആദ്യപകുതിയിൽ അദ്ദേഹം പിൻ വാങ്ങുകയും ചെയ്തു. ബാഴ്സലോണയുടെ അടുത്ത രണ്ട് മത്സരങ്ങളും ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. പക്ഷേ പരിക്കില്ലെന്നും പൂർണമായും മുക്തനാവണമെങ്കിൽ മൂന്നോ നാലോ ആഴ്ച്ച അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതുകൊണ്ടുതന്നെ ഈ ഇന്റർനാഷണൽ ബ്രേക്കിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയില്ല.
റാഫീഞ്ഞക്ക് പകരം മുന്നേറ്റ നിരയിലേക്ക് ഒരു മികച്ച താരത്തെ തന്നെ ഡിനിസ് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.സാവിയോ,മാൽക്കാം എന്നിവരുടെ പേരുകളൊക്കെ ഉയർന്നു കേൾക്കുന്നുണ്ട്.സെപ്റ്റംബർ മാസത്തിൽ മികച്ച പ്രകടനം ബാഴ്സലോണക്ക് വേണ്ടി റാഫീഞ്ഞ നടത്തിയിരുന്നു.3 ഗോളുകളും മൂന്ന് അസിസ്റ്റുകളും അദ്ദേഹം നേടിയിരുന്നു.ഏതായാലും താരത്തിന്റെ അഭാവം ബാഴ്സക്കും ബ്രസീലിനും തിരിച്ചടിയാണ്.