റാഫിഞ്ഞയുടെ മിന്നു ഫോം, കാരണം വിശദീകരിച്ച് ഫ്ലിക്ക്!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയിട്ടുള്ളത്. എതിരില്ലാത്ത 5 ഗോളുകൾക്കാണ് ബാഴ്സ യങ്ങ് ബോയ്സിനെ പരാജയപ്പെടുത്തിയത്. റോബർട്ട് ലെവന്റോസ്ക്കി മത്സരത്തിൽ ഇരട്ട ഗോളുകൾ കണ്ടെത്തിയിട്ടുണ്ട്.റാഫിഞ്ഞയും ഇനീഗോ മാർട്ടിനസും ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും വീതമാണ് സ്വന്തമാക്കിയിട്ടുള്ളത്.മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ റാഫീഞ്ഞയാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.
ഫ്ലിക്കിന്റെ കീഴിൽ ഗംഭീര പ്രകടനമാണ് ഈ ബ്രസീലിയൻ സൂപ്പർ താരം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.10 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കാൻ റാഫീഞ്ഞക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ മിന്നുന്ന പ്രകടനത്തിനുള്ള കാരണങ്ങൾ പരിശീലകനായ ഫ്ലിക്ക് വിശദീകരിച്ചിട്ടുണ്ട്. താരത്തിന്റെ ഹാർഡ് വർക്കിനെ തന്നെയാണ് പരിശീലകൻ പ്രശംസിച്ചിട്ടുള്ളത്.ഫ്ലിക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ഇവിടേക്ക് വരുന്നതിന് മുന്നേ തന്നെ എനിക്ക് അറിയാവുന്ന താരമാണ് റാഫിഞ്ഞ. അദ്ദേഹത്തിന്റെ മികവ് എത്രത്തോളം ഉണ്ടെന്ന് എനിക്കറിയാം. നിലവിൽ ഒരുപാട് ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. ടീമിനകത്ത് പ്രധാനപ്പെട്ടവനാണ് എന്ന ഫീൽ അദ്ദേഹത്തിനുണ്ട്. ഇതുകൊണ്ടൊക്കെയാണ് റാഫിഞ്ഞയെ പോലെയുള്ള താരങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നത്.ഒരു താരത്തിൽ നിന്നും ഞാൻ ആഗ്രഹിക്കുന്ന ഹാർഡ് വർക്കിനുള്ള ഉത്തമ ഉദാഹരണമാണ് റാഫീഞ്ഞ.അദ്ദേഹം നന്നായി പ്രസ് ചെയ്യുന്നു,എതിരാളികളെ എപ്പോഴും വരുതിയിലാക്കാൻ അദ്ദേഹത്തിന് കഴിയുന്നു. വിജയം നേടാൻ വേണ്ടി മറ്റുള്ള താരങ്ങളുമായി അദ്ദേഹം സഹകരിക്കുന്നു ” ഇതാണ് ബ്രസീലിയൻ താരത്തെക്കുറിച്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്നലത്തെ മത്സരത്തിൽ ഗംഭീര പ്രകടനമാണ് ബാഴ്സലോണ നടത്തിയിട്ടുള്ളത്. 21 ഷോട്ടുകളാണ് ക്ലബ്ബ് ഉതിർത്തത്.അതിൽ 8 ഷോട്ടുകൾ ടാർഗറ്റിലേക്ക് ആയിരുന്നു. നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ബാഴ്സലോണയാണ്.അടുത്ത മത്സരത്തിൽ ഡിപ്പോർട്ടിവോ അലാവസാണ് അവരുടെ എതിരാളികൾ.