റാഫിഞ്ഞക്ക് സൗദിയിൽ നിന്നും ഗംഭീര ഓഫർ,ആഴ്സണലിനും വേണം
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ പ്രീ സീസൺ തയ്യാറെടുപ്പുകൾ ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അമേരിക്കയിലാണ് ബാഴ്സലോണ പ്രീ സീസൺ നടത്തുന്നത്.വമ്പൻ ക്ലബ്ബുകൾക്കെതിരെയാണ് ബാഴ്സലോണ കളിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് ആദ്യത്തെ സൗഹൃദ മത്സരം ബാഴ്സലോണ കളിക്കുക.ഹാൻസി ഫ്ലിക്കിന് കീഴിൽ ബാഴ്സലോണ കളിക്കുന്ന ആദ്യത്തെ മത്സരം കൂടിയായിരിക്കും ഇത്.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ സജീവമാണ്.നിക്കോ വില്യംസ്,ഡാനി ഒൽമോ എന്നിവരെ എത്തിക്കാൻ വേണ്ടിയാണ് ബാഴ്സ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രണ്ടു താരങ്ങൾക്കും കൂടി ഏകദേശം 120 മില്യൺ യൂറോ വരെ ക്ലബ്ബ് ചിലവഴിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ചില താരങ്ങളെ കൈവിടാൻ ബാഴ്സലോണ തീരുമാനിച്ചിട്ടുണ്ട്. അതിലൊരു താരം ബ്രസീലിയൻ സൂപ്പർ താരമായ റാഫിഞ്ഞയാണ്.
പക്ഷേ റാഫിഞ്ഞക്ക് ബാഴ്സ വിട്ട് പുറത്തു പോകാൻ താല്പര്യമില്ല. എന്നാൽ മികച്ച ഓഫറുകൾ വന്നാൽ താരത്തെ കൈവിടാം എന്ന് തന്നെയാണ് ബാഴ്സയുടെ തീരുമാനം. അത്തരത്തിലുള്ള ഒരു ഓഫർ ബാഴ്സക്ക് ലഭിച്ചിട്ടുണ്ട്.സൗദി അറേബ്യയിൽ നിന്നാണ് 65 മില്യൺ യൂറോയുടെ ഓഫർ റാഫിഞ്ഞക്ക് വേണ്ടി ബാഴ്സക്ക് ലഭിച്ചിട്ടുള്ളത്.സൗദിയിലെ ഏത് ക്ലബ്ബാണ് താരത്തിനു വേണ്ടി ഓഫർ നൽകിയതെന്ന് വ്യക്തമല്ല. നേരത്തെ ഈ ബ്രസീലിയൻ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചവരാണ് അൽഹിലാൽ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിനും റാഫിഞ്ഞയിൽ താല്പര്യമുണ്ട്.പക്ഷേ വലിയ തുകയൊന്നും അവർ മുടക്കാൻ തയ്യാറായി എന്ന് വരില്ല. അവരുടെ സ്പോർട്ടിംഗ് ഡയറക്ടറായ എഡു ഗാസ്പറിന് താല്പര്യമുള്ള താരമാണ് റാഫീഞ്ഞ.പക്ഷെ ഈ ബ്രസീലിയൻ താരം സൗദിയിലേക്ക് പോകുന്നതാവും ബാഴ്സക്ക് ഗുണകരമാവുന്നത്.കാരണം അതുവഴി വലിയൊരു ട്രാൻസ്ഫർ തുക നേടാൻ അവർക്ക് സാധിച്ചേക്കും.