റാഫിഞ്ഞക്ക് വേണ്ടി വമ്പൻ ഓഫർ നൽകി പ്രീമിയർ ലീഗ് ക്ലബ്!
സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ്. സാലറി ബജറ്റിൽ നിന്നും 200 മില്യൺ യൂറോ ബാഴ്സക്ക് കുറയ്ക്കേണ്ടതുണ്ട്. മാത്രമല്ല ട്രാൻസ്ഫർ ഇനത്തിൽ നൂറു മില്യൻ യൂറോ ബാഴ്സക്ക് സമാഹരിക്കേണ്ടതുമുണ്ട്. എന്നാൽ മാത്രമാണ് ഈ പ്രതിസന്ധിക്ക് ഇപ്പോൾ പരിഹാരമാവുകയുള്ളൂ.
ലയണൽ മെസ്സിയെ കൊണ്ടുവരണമെങ്കിൽ സാമ്പത്തിക സുസ്ഥിരത കൈവരിക്കൽ ബാഴ്സയെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ്. അതുകൊണ്ടുതന്നെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയെ ഒഴിവാക്കാൻ ബാഴ്സ ആലോചിക്കുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു.45 മത്സരങ്ങൾ ഈ സീസണിൽ കളിച്ച താരം 10 ഗോളുകളാണ് നേടിയിട്ടുള്ളത്.താരത്തെ ഒഴിവാക്കിയാലും വലിയ പ്രശ്നമൊന്നുമില്ല എന്ന നിലപാടിലാണ് നിലവിൽ ബാഴ്സയുള്ളത്.
🚨 Barcelona have received an €80m verbal offer from Newcastle for Raphinha. 🇧🇷
— Transfer News Live (@DeadlineDayLive) May 3, 2023
(Source: @gerardromero) pic.twitter.com/LaIAPxtAg7
ബാഴ്സയുടെ പരിശീലകനായ സാവി ഡെമ്പലെക്ക് തന്നെയാണ് മുൻഗണന നൽകുന്നത്.റാഫിഞ്ഞക്ക് വേണ്ടി മികച്ച ഓഫറുകൾ വന്നു കഴിഞ്ഞാൽ അത് പരിഗണിക്കാൻ തന്നെയാണ് ബാഴ്സ തീരുമാനിച്ചിരിക്കുന്നത്. അത്തരത്തിലുള്ള ഒരു ഓഫർ ഇപ്പോൾ ബാഴ്സക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് പ്രമുഖ മാധ്യമമായ ജിജാന്റസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് ആണ് ബാഴ്സക്ക് ഓഫർ നൽകിയിട്ടുള്ളത്.
80 മില്യൺ യൂറോ എന്ന വലിയ തുകയാണ് താരത്തിനു വേണ്ടി ഇപ്പോൾ ന്യൂ കാസിൽ യുണൈറ്റഡ് വാഗ്ദാനം ചെയ്തിട്ടുള്ളത്. നേരത്തെ മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് റാഫീഞ്ഞ. അദ്ദേഹം പ്രീമിയർ ലീഗിലേക്ക് തന്നെ മടങ്ങി പോകുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.ചെൽസി,ആഴ്സണൽ എന്നിവരൊക്കെ ഇഷ്ടം പ്രകടിപ്പിച്ചിട്ടുള്ള ഒരു താരം കൂടിയാണ് റാഫീഞ്ഞ.