റയൽ വിളിച്ചാലും പോകില്ല: നിലപാട് വ്യക്തമാക്കി നാച്ചോ!
റയൽ മാഡ്രിഡ് വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഡിഫൻസിലാണ് അവർക്ക് പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്. സെന്റർ ബാക്ക് പൊസിഷനിൽ വേണ്ടത്ര താരങ്ങളെ ഇപ്പോൾ റയൽ മാഡ്രിഡിന് ലഭ്യമല്ല. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ മത്സരത്തിൽ അക്കാദമി താരമായ റൗൾ അസെൻസിയോയെ റയൽ മാഡ്രിഡ് കളിപ്പിക്കാൻ നിർബന്ധിതരായത്.
വരുന്ന ജനുവരിയിൽ സെന്റർ ബാക്ക് പൊസിഷനിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കാൻ റയൽ മാഡ്രിഡ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മറിലായിരുന്നു നാച്ചോ ക്ലബ്ബിനോട് വിട പറഞ്ഞത്. നിലവിൽ സൗദി അറേബ്യയിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ഈയൊരു അവസരത്തിൽ റയൽ മാഡ്രിഡ് തിരികെ വിളിച്ചാൽ പോകുമോ എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഇല്ല എന്ന മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്.നാച്ചോ പറഞ്ഞത് ഇങ്ങനെയാണ്.
” റയൽ മാഡ്രിഡ് വിടുന്ന സമയത്ത് കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വരും എന്നത് എനിക്കറിയാമായിരുന്നു. ക്ലബ്ബ് വിടാൻ എടുത്ത തീരുമാനത്തിൽ എനിക്ക് പശ്ചാത്താപം ഒന്നുമില്ല.ഞാൻ എടുത്ത തീരുമാനത്തിൽ ഹാപ്പിയാണ്.റയൽ മാഡ്രിഡിനെ ടിവിയിൽ കാണേണ്ടി വരുന്നു എന്നുള്ളത് ഒരല്പം ഷോക്കായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വിചിത്രമായിരുന്നു. നിലവിൽ ഒരു റയൽ മാഡ്രിഡ് ഫാൻ എന്ന നിലയിൽ ഞാൻ അവരെ പിന്തുണയ്ക്കുകയാണ്. ഇവിടെ സൗദി അറേബ്യയിൽ ഞാൻ വളരെയധികം ഹാപ്പിയാണ്. റയൽ മാഡ്രിഡ് തിരികെ വിളിച്ചാൽ പോലും ഞാൻ അങ്ങോട്ട് പോവില്ല. നിലവിൽ ഞാൻ ഇവിടെ ഹാപ്പിയാണ് ” ഇതാണ് നാച്ചോ പറഞ്ഞിട്ടുള്ളത്.
സെർജിയോ റാമോസ് റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തും എന്ന റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ വിശ്വസനീയമായ സോഴ്സുകളിൽ നിന്ന് ഒന്നും തന്നെ അത് ലഭിച്ചിട്ടില്ല.നിലവിൽ റയൽ മാഡ്രിഡ് യുവ താരങ്ങൾക്കാണ് മുൻഗണന നൽകുന്നത്. വരുന്ന ജനുവരിയിൽ മികച്ച താരങ്ങളെ ലഭിക്കും എന്ന് തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്.