റയൽ ലാലിഗ നേടും ;ആത്മവിശ്വാസം പ്രകടിപ്പിച്ച് മറ്റൊരു യുവതാരം കൂടി രംഗത്ത്

അടുത്ത ആഴ്ച്ച പുനരാരംഭിക്കാനൊരുങ്ങുന്ന ലാലിഗയെ കുറിച്ച് പ്രതീക്ഷകൾ പങ്കുവെച്ച് യുവതാരം ബ്രാഹിം ഡയസ്. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ്‌ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം റയലിന്റെ വരും മത്സരങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചത്. ലാലിഗ പുനരാരംഭിക്കുമ്പോൾ ജയങ്ങൾ നേടുക വഴി കിരീടം നേടാനാവുമെന്നാണ് താൻ വിചാരിക്കുന്നതെന്ന് ബ്രാഹിം പറഞ്ഞു. പതിനൊന്ന് മത്സരങ്ങളാണ് ഇനി ലാലിഗയിൽ അവശേഷിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയോളമായി വാൽഡേബെബാസിൽ പരിശീലനം നടത്തുകയാണ് റയൽ മാഡ്രിഡ്‌ താരങ്ങൾ. ടീം മികച്ച രീതിയിൽ പരിശീലനം നടത്തുന്നുണ്ടെന്നും നല്ല പ്രകടനം ലീഗിൽ കാഴ്ച്ചവെക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുവതാരം കൂട്ടിച്ചേർത്തു.

” ആരാധകരാണ് ഞങ്ങൾക്ക് എല്ലാം, അവരെ തീർച്ചയായും ഞങ്ങൾ മിസ്സ്‌ ചെയ്യും. ഇനിയുള്ള പതിനൊന്ന് മത്സരങ്ങൾ പതിനൊന്ന് ഫൈനലുകൾ പോലെയാണ്. അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ എങ്കിലും ഞങ്ങളെ കൊണ്ട് കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്യും. തീർച്ചയായും നല്ല പുരോഗതി ഇപ്പോൾ കാണാനാവുന്നുണ്ട്. ലാലിഗ തുടങ്ങുമ്പോൾ വിജയിക്കാനും അത് വഴി കിരീടം നേടാനും ഞങ്ങൾക്ക് കഴിയും. പരിശീലനം നല്ല രീതിയിൽ നടന്നു കൊണ്ടിരിക്കുന്നുണ്ട്. വീട്ടിലെ പരിശീലനവും ഗ്രൗണ്ടിലെ പരിശീലനവും രണ്ടും രണ്ടാണ്. ടീം പരിശീലനം ആരംഭിച്ചത് മുതൽ മികച്ച രീതിയിൽ തന്നെ പരിശീലനം മുന്നോട്ട് പോവുന്നുണ്ട് ” ബ്രാഹിം ഡയസ് പറഞ്ഞു.മുൻപ് റയലിന്റെ യുവതാരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ഫെഡേ വാൽവേർദെ എന്നിവരും റയൽ മാഡ്രിഡ്‌ കിരീടം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *