റയൽ മാഡ്രിഡിൽ തന്നെ തുടരും, ബെയ്ൽ തീരുമാനം അറിയിച്ചത് ഗിഗ്സിനോട് !

ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബിൽ നിന്നും വിൽക്കാൻ സിദാൻ ആവിശ്യപ്പെട്ട താരങ്ങളിലൊരാളാണ് ഗാരെത് ബെയ്ൽ. ഈ സീസണിൽ വളരെ കുറച്ചു മത്സരങ്ങൾ മാത്രം കളിച്ച താരം ഒട്ടുമിക്ക മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു എന്ന് മാത്രമല്ല സൈഡ് ബെഞ്ചിലെ അദ്ദേഹത്തിന്റെ പ്രവർത്തികൾ റയൽ മാഡ്രിഡിന് തലവേദനയാവുകയും വലിയ തോതിലുള്ള വിമർശനത്തിന് ഇടവരുത്തുകയും ചെയ്തിരുന്നു. കൂടാതെ ബെയ്ലിന് നൽകേണ്ടി വരുന്ന വലിയ തോതിലുള്ള സാലറിയും ഒരർത്ഥത്തിൽ റയലിന് ഉപയോഗശൂന്യമാണ്. അത്കൊണ്ട് തന്നെ ഈ സീസണിൽ എങ്ങനെയെങ്കിലും താരത്തിന് ക്ലബിന് പുറത്തേക്കുള്ള വഴി കാണിച്ചു നൽകാനുള്ള ഒരുക്കത്തിലായിരുന്നു റയൽ മാഡ്രിഡ്‌. എന്നാൽ ഇതും ഫലം കാണാതെ പോവുകയാണ് എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. എത്രെയൊക്കെ അവസരങ്ങൾ ലഭിക്കാതിരുന്നാലും താൻ ക്ലബ് വിടുന്ന പ്രശ്നമില്ലെന്നാണ് ബെയ്‌ലിന്റെ നിലപാട്. താരം ഇക്കാര്യം അറിയിച്ചത് വെയിൽസ് പരിശീലകനായ റയാൻ ഗിഗ്സിനോടാണ്. അടുത്ത സീസണിലും റയലിൽ തന്നെ തുടരുമെന്നാണ് ബെയ്ൽ ഗിഗ്സിനെ അറിയിച്ചതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട്‌ ചെയ്തത്.

മുപ്പത്തിയൊന്നുകാരനായ ബെയ്‌ലിന്റെ ലക്ഷ്യം റയൽ മാഡ്രിഡിൽ നിന്നും ലഭിക്കുന്ന ഓരോ ചില്ലിക്കാശും സ്വന്തമാക്കുക എന്നാണെന്നു മുൻപ് സ്പാനിഷ് മാധ്യമമായ എഎസ്സ് റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇത് ശരി വെക്കുന്ന രീതിയിലുള്ള തീരുമാനമാണ് ഇപ്പോൾ ബെയ്ൽ കൈക്കൊണ്ടിരിക്കുന്നത്. പക്ഷെ താരത്തിന്റെ ഈ പ്രവർത്തിയിൽ വെയിൽസ് കോച്ച് ഗിഗ്‌സ് തീർത്തും അസംതൃപ്തനാണ് എന്നാണ് അറിയാൻ കഴിയുന്നത്. താരം തീരെ കളിക്കാതിരിക്കുന്നത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും അത് വെയിൽസിനെയും ബാധിക്കുമെന്നാണ് ഗിഗ്‌സ് ഭയപ്പെടുന്നത്. പ്രത്യേകിച്ച് 2021 യുറോ കപ്പ് മുൻപിലുള്ളപ്പോൾ. അടുത്ത സീസണിലും സിദാൻ ബെയ്‌ലിനെ തഴയാൻ തന്നെയാണ് സാധ്യത എന്നാണ് കണക്കുക്കൂട്ടലുകൾ. അങ്ങനെയാണെങ്കിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമേ ഈ താരത്തിന് ഇനി ലഭിക്കുകയൊള്ളൂ. സ്വാഭാവികമായും അത് വെയിൽസിനെയും ബാധിക്കും. മാത്രമല്ല ഈ സീസണിൽ കളിച്ചിടത്തോളം താരത്തിന് ഫോം കണ്ടെത്താനായില്ല എന്നുള്ളതും ഗിഗ്സിന് ആശങ്ക പരത്തുന്ന ഒന്നാണ്. കൂടാതെ ബെയ്‌ലിന്റെ റയൽ മാഡ്രിഡിനോടുള്ള ആത്മാർത്ഥയും മുമ്പ് ചോദ്യം ചെയ്യപ്പെട്ടതാണ്. വെയിൽസ് യോഗ്യത നേടിയ ശേഷം വെയിൽസ്, ഗോൾഫ്, മാഡ്രിഡ്‌ എന്നെഴുതിയ ബാനർ ബെയ്ൽ ഉയർത്തിയത് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *