റയൽ മാഡ്രിഡിന് പണികൊടുത്തത് മുൻ ബാഴ്സതാരം
ഇന്നലെ റയൽ ബെറ്റിസിനോട് അപ്രതീക്ഷിതമായി വഴങ്ങിയ തോൽവി റയലിന്റെ കയ്യിൽ നിന്നും തട്ടിത്തെറിപ്പിച്ചത് ഒന്നാം സ്ഥാനമായിരുന്നു. ബാഴ്സയെ എൽക്ലാസിക്കോയിൽ തകർത്തുവിട്ട് ലീഡ് നേടിയ റയലിന് ബെറ്റിസിന് മുന്നിൽ അടിതെറ്റുകയായിരുന്നു. എന്നാൽ മറുവശത്താവട്ടെ റയൽ സോസിഡാഡിനെ ഒരു ഗോളിന് ബാഴ്സ കീഴടക്കിയതോടെ ഒന്നാം സ്ഥാനം ബാഴ്സയുടെ പക്കൽ സുരക്ഷിതമായി.
— Cristian Tello (@ctello91) March 8, 2020
ഇവിടെ ശ്രദ്ദേയമായ ഒരു കാര്യം എന്നുള്ളത് റയലിനെതിരെ ഇന്നലെ ബെറ്റിസിന്റെ വിജയഗോൾ നേടിയത് മുൻ ബാഴ്സതാരമായിരുന്നു എന്നാണ്. മത്സരത്തിന്റെ 82-ആം മിനുട്ടിൽ നടത്തിയ കൌണ്ടർ അറ്റാക്കിനൊടുവിൽ ക്രിസ്റ്റൻ ടെല്ലോയാണ് റയലിന്റെ ഗോൾവലകുലുക്കിയത്. ഇരുപത്തിയെട്ട്കാരനായ താരം മത്സരത്തിന്റെ അറുപത്തിയാറാം മിനുട്ടിലാണ് ഗ്രൗണ്ടിലെത്തിയത്. പതിനാറു മിനിട്ടുകൾക്ക് ശേഷം ടെല്ലോ ടീമിന്റെ വിജയഗോൾ നേടുകയായിരുന്നു. താരമൊരു ലാമസിയപ്രോഡക്റ്റ് ആണ്. 2017-ലായിരുന്നു താരം ബാഴ്സ വിട്ട് ബെറ്റിസിലേക്ക് ചേക്കേറിയത്.
നാല് മില്യൺ യുറോക്കായിരുന്നു താരം ബെറ്റിസിൽ എത്തിയത്. ബാഴ്സക്ക് വേണ്ടി 86 മത്സരങ്ങൾ കളിച്ച താരം 20 ഗോളും 13 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഇന്നലെ മറ്റു രണ്ട് മുൻബാഴ്സ താരങ്ങളും ബെറ്റിസിന്റെ ടീമിലുണ്ടായിരുന്നു. മുൻ ബാഴ്സ പ്രതിരോധനിര താരമായ മാർക്ക് ബർത്രയും ഇന്നലെ ആദ്യഇലവനിൽ ഉണ്ടായിരുന്നു. ബാഴ്സയിൽ നിന്ന് ലോണിൽ കളിക്കുന്ന കാർലെസ് അലെനക്ക് ഇന്നലെ സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം.