റയൽ മാഡ്രിഡിന്റെ ഭാവി ഈ യുവനിരയിൽ ഭദ്രം!
കഴിഞ്ഞ ദിവസമായിരുന്നു റയൽ മാഡ്രിഡ് യുവ സൂപ്പർതാരമായ ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തമാക്കിയത്. 103 മില്യൻ യൂറോയാണ് താരത്തിന് വേണ്ടി റയൽ ചിലവഴിച്ചിട്ടുള്ളത്. കേവലം 19 വയസ്സ് മാത്രമുള്ള ബെല്ലിങ്ഹാമിന്റെ വരവ് റയൽ മാഡ്രിഡ് ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന ഒന്നാണ്.
കഴിഞ്ഞ കുറെ വർഷങ്ങളായി ക്ലബ്ബ് ഫുട്ബോൾ ലോകം അടക്കി ഭരിച്ച റയൽ മാഡ്രിഡിന്റെ സുവർണ്ണ തലമുറ പടിയിറങ്ങുകയാണ്. പക്ഷേ അവർക്കൊത്ത പകരക്കാരെ റയൽ പ്രസിഡണ്ടായ ഫ്ലോറെന്റിനോ പെരസ് ടീമിലേക്ക് എത്തിച്ചു കഴിഞ്ഞിട്ടുണ്ട്.റയൽ മാഡ്രിഡിന്റെ ഭാവി ഇപ്പോഴത്തെ യുവനിരയിൽ ഭദ്രമാണ് എന്ന് തന്നെയാണ് ആരാധകർ അടിയുറച്ച് വിശ്വസിക്കുന്നത്.
ബ്രസീലിയൻ വണ്ടർ കിഡായ എൻഡ്രിക്കിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ട്. 16 കാരനായ താരം നിലവിൽ പാൽമിറാസിനു വേണ്ടിയാണ് കളിക്കുന്നതെങ്കിലും 18 വയസ്സ് പൂർത്തിയായാൽ റയൽ മാഡ്രിഡിൽ എത്തും. 19 കാരനായ ബെല്ലിങ്ഹാം അടുത്ത സീസൺ മുതൽ റയൽ നിരയിൽ ഉണ്ടാവും. ഇരുപതുകാരനായ കമവിങ്ക തകർപ്പൻ പ്രകടനമാണ് ഇതുവരെ റയലിൽ നടത്തിയിട്ടുള്ളത്. കൂടാതെ 22 വയസ്സുള്ള വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും റയൽ മാഡ്രിഡിന്റെ കുന്തമുനകളാണ്.
Real Madrid are going to be a problem for years to come! 😳
— ESPN FC (@ESPNFC) June 14, 2023
What a young core 🔥🔥🔥 pic.twitter.com/q1Val5S6rN
ഏഴാം നമ്പർ ജേഴ്സിയാണ് ഇനി മുതൽ വിനീഷ്യസ് അണിയുക. പതിനൊന്നാം നമ്പർ ജേഴ്സി റോഡ്രിഗോക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും അസാധാരണ പ്രകടനമാണ് ഈ രണ്ടു ബ്രസീലിയൻ താരങ്ങളും റയലിനു വേണ്ടി നടത്തിയിട്ടുള്ളത്. കൂടാതെ 23 കാരനായ ഷുവാമെനിയും 24 കാരനായ ഫെഡ വാൽവെർദെയും റയലിന്റെ താരങ്ങളാണ്. രണ്ട് പേരും വളരെയധികം ക്വാളിറ്റിയുള്ള താരങ്ങളാണ്.
ഇതിനൊക്കെ പുറമേ 24 കാരനായ എംബപ്പേക്ക് വേണ്ടി റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തുന്നുണ്ട്. ചുരുക്കത്തിൽ ക്ലബ്ബിനോട് വിട പറഞ്ഞുപോയ സൂപ്പർ താരങ്ങളുടെ പകരമായി മികച്ച യുവ താരങ്ങളെ തന്നെ റയൽ മാഡ്രിഡ് സ്വന്തമാക്കിയിട്ടുണ്ട്. അവരൊക്കെ പ്രതീക്ഷക്കൊത്തുയർന്നാൽ റയൽ മാഡ്രിഡ് എതിരാളികൾക്ക് വലിയ ഒരു പ്രശ്നം തന്നെയായിരിക്കും.