റയൽ മാഡ്രിഡിനെ വേദനിപ്പിക്കും, ഡെർബിക്ക്‌ മുന്നോടിയായി സിമിയോണി പറയുന്നു !

ലാലിഗയിൽ ഇന്ന് നഗരവൈരികളുടെ പോരാട്ടമാണ്. റയൽ മാഡ്രിഡും അത്‌ലെറ്റിക്കോ മാഡ്രിഡുമാണ് ഇന്ന് പരസ്പരം ശക്തി പരീക്ഷിക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30 -ന് റയൽ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് മത്സരം. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അത്‌ലെറ്റിക്കോ മാഡ്രിഡ്‌ റയലിന് വലിയ തോതിൽ വെല്ലുവിളിയുയർത്തും എന്ന കാര്യത്തിൽ സംശയമില്ല. അത്‌ തന്നെയാണ് പരിശീലകൻ ഡിയഗോ സിമിയോണി പറഞ്ഞുവെച്ചിട്ടുള്ളതും. റയൽ മാഡ്രിഡിനെ വേദനിപ്പിക്കുമെന്നാണ് സിമിയോണി ഇന്നലെ പത്രസമ്മേളനത്തിൽ പ്രസ്താവിച്ചത്. അതിന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സിമിയോണി അറിയിച്ചു. അതേസമയം റയൽ മാഡ്രിഡിനെ വിലകുറച്ചു കാണാൻ സിമിയോണി തയ്യാറല്ല. ഒരുപിടി മികച്ച താരങ്ങളും യുവതാരങ്ങളുമായി എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ടീമാണ് റയൽ എന്നാണ് സിമിയോണി പറഞ്ഞത്.

” സഹപരിശീലകരെ കുറിച്ച് ഞാൻ അഭിപ്രായം പറയാറില്ല. അവർക്ക് അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാവും. ഇരുടീമുകളിലുമായി ഒട്ടേറെ മികച്ച താരങ്ങൾ അണിനിരക്കാറുള്ള മാഡ്രിഡ്‌ ഡെർബി എപ്പോഴും മനോഹരമായ കളിയാണ് കാഴ്ച്ചവെക്കാറുള്ളത്. ശേഷിക്കുന്ന മികച്ച താരങ്ങളെ വെച്ചും യുവതാരങ്ങളെ വെച്ചും കുറച്ചു വർഷമായി മത്സരിക്കുന്ന ടീമാണ് റയൽ മാഡ്രിഡ്‌. അത്‌ തന്നെയാണ് അവരുടെ പ്രത്യേകതയും. ചരിത്രപരമായ എതിരാളികളാണ് ഞങ്ങൾക്ക്‌ അവർ. ഞങ്ങൾ അവരെ വേദനിപ്പിക്കാൻ പോവുകയാണ്. ഞങ്ങൾക്കതിന് സാധിക്കുമെന്നാണ് ഞങ്ങൾ കരുതുന്നത് ” സിമിയോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *