റയൽ മാഡ്രിഡിനെ റഫറി സഹായിച്ചോ?

ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ റയൽ സോസിഡാഡിനെ കീഴടക്കി കൊണ്ട് റയൽ മാഡ്രിഡ്‌ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരുന്നു. എന്നാൽ ഒരു വിവാദങ്ങൾക്ക് വഴിവെച്ചു കൊണ്ടാണ് മത്സരം അവസാനിച്ചത്. റയൽ മാഡ്രിഡിനെ റഫറി സഹായിച്ചെന്നും അത്കൊണ്ടാണ് റയൽ വിജയം നേടിയതെന്നുമൊക്കെ പലരും വാദപ്രതിവാദങ്ങൾ നടത്തുന്നത് കണ്ടു. പ്രധാനമായും മൂന്ന് സംഭവവികാസങ്ങൾ ഉയർത്തി കാട്ടിയാണ് റയലിനെ റഫറി സഹായിച്ചു എന്ന ആരോപണം ഉയരുന്നത്. ഒന്നാമതായി അൻപതാം മിനുട്ടിൽ റയലിന് അനുവദിച്ച പെനാൽറ്റി റയലിന് അർഹിക്കുന്നതല്ല എന്നാണ്. വിനീഷ്യസിനെ എതിർതാരം ഫൗൾ ചെയ്തിട്ടില്ല എന്നാണ് മത്സരം കാണുന്ന ആരാധകർക്ക് കാണാനാവുന്നത്. വിനീഷ്യസ് ഷോട്ട് ഉതിർത്ത ശേഷമാണ് വീഴുന്നതെന്നും അതിനാൽ തന്നെ അത് ഫൗളല്ല എന്നാണ് മത്സരം വീക്ഷിച്ച ആരാധകർക്ക് കാണാനാവുന്നത്. എന്നാൽ വാർ ചെക്ക് ചെയ്ത ശേഷം റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. മത്സരശേഷം പുറത്തു വന്ന ചിത്രങ്ങളിൽ എതിർതാരം വിനീഷ്യസിനെ ഫൗൾ ചെയ്യുന്നത് വ്യക്തമായിരുന്നു. വിനീഷ്യസ് ഷോട്ട് എടുക്കുന്നതിനു തൊട്ട് മുൻപ് എതിർതാരം ഫൗൾ ചെയ്യുകയും അതിന്റെ ഫലമായി താരത്തിന്റെ ഷോട്ട് വലിയ വിത്യാസത്തിൽ ലക്ഷ്യത്തിൽ നിന്ന് തെന്നിമാറിയതും വ്യക്തമാണ്.

രണ്ടാമതായി സോസിഡാഡ് താരം ജനുസാജ് നേടിയ ഗോളിനെ റഫറി ഓഫ്‌സൈഡ് വിധിച്ചതാണ്. ജനുസാജല്ല മറിച്ച് മെറിനോയാണ് ഓഫ്‌സൈഡ് എന്നാണ് റഫറി വിധിച്ചത്. ഈ തീരുമാനം തെറ്റായിരുന്നുവെന്നും അത് ഗോളായിരുന്നുവെന്നും വാദങ്ങൾ ഉയർന്നു വന്നു. മൂന്നാമതായി ബെൻസിമ നേടിയ ഗോളിനെ സംബന്ധിച്ചാണ്. താരം ബോൾ കണ്ട്രോൾ ചെയ്തത് കൈകൊണ്ടാണ് അതല്ല ഷോൾഡറാണ് എന്നുമാണ് ഇരുവിഭാഗത്തിന്റെയും വാദങ്ങൾ. ദൃശ്യങ്ങളിൽ നിന്ന് താരത്തിന്റെ കൈയുടെ ഭാഗത്താണ് കൊണ്ടത് എന്നാണ് കാണുന്നതെങ്കിലും റഫറി ഷോൾഡർ എന്നാണ് വിധിച്ചത്. ഫലമായി താരം നേടിയ ഗോൾ അനുവദിക്കുകയും ആ ഗോളിൽ റയൽ മാഡ്രിഡ്‌ വിജയിക്കുകയും ചെയ്തു.

എന്നാൽ റഫറിയിങ് വിദഗ്ധനായ യുവാൻ ആൻഡ്യർ ഒലിവർ ഈ മൂന്ന് വിഷയങ്ങളിലും ഇപ്പോൾ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. മത്സരശേഷം മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ പറ്റി പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ മൂന്നു വിഷയത്തിലും റഫറി ശരിയായ തീരുമാനമെടുത്തു എന്നാണ്. അതായത് ഒന്നാമത്തേതിൽ വിനീഷ്യസ് ജൂനിയർ ഫൗളിനിരയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തീർച്ചയായും പിന്നീട് പുറത്തു വന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ശരിവെക്കുന്നതായിരുന്നു. പിന്നീട് നടന്ന രണ്ട് സംഭവങ്ങളിലും അദ്ദേഹം റഫറിക്കൊപ്പം തന്നെയാണ് നിലകൊള്ളുന്നത്. ജനുസാജിന്റെ ഗോൾ ഓഫ്‌സൈഡ് ആണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായവും. ചില അഭിപ്രായവിത്യാസങ്ങൾ ഉണ്ടെങ്കിലും പലരും ഈയൊരു കാര്യത്തിലും അദ്ദേഹത്തോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബെൻസിമയുടെ കാര്യത്തിലും അദ്ദേഹം റഫറിക്കൊപ്പം തന്നെയാണ്. അത് ഹാൻഡ്ബോൾ അല്ല എന്ന് തന്നെയാണ് ഒലിവർ മാർക്കയോട് പറഞ്ഞത്. പക്ഷെ പ്രത്യക്ഷത്തിൽ അത് ഹാൻഡ്ബോൾ തോന്നിക്കുന്നത് കൊണ്ട് പലരും ഇദ്ദേഹത്തിന്റെ വാദത്തിനോട് യോജിച്ചിട്ടില്ല. ഏതായാലും ഈ വിഷയങ്ങളെ ചൊല്ലി പലയിടത്തും ചർച്ചകൾ ഇപ്പോഴും അരങ്ങേറുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *