റയൽ തകർന്നടിഞ്ഞു എന്ന് പറയുന്നത് ശരിയല്ല : പിന്തുണയുമായി ബാഴ്സ പരിശീലകൻ സാവി
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ഒരു വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഇത്തിഹാദിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് പരാജയപ്പെട്ടിരുന്നത്. അഗ്രിഗേറ്റിൽ ഒന്നിനെതിരെ 5 ഗോളുകൾക്ക് വിജയിച്ച സിറ്റി ഫൈനലിൽ പ്രവേശിക്കുകയും റയൽ പുറത്താവുകയും ചെയ്തിരുന്നു.
റയലിന്റെ ഈ തോൽവിയെക്കുറിച്ച് ബാഴ്സയുടെ പരിശീലകനായ സാവി സംസാരിച്ചിട്ടുണ്ട്.റയലിന്റെ ഈ തോൽവി ബാഴ്സ ആരാധകർ ആസ്വദിച്ചിട്ടുണ്ടാവും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.റയൽ തകർന്നടിഞ്ഞു എന്ന പ്രയോഗത്തോട് തനിക്ക് താൽപര്യമില്ലെന്നും സാവി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🗣️ Xavi sur la victoire 4-0 de Manchester City face au Real Madrid : "Je n'aime pas parler d'humiliation dans le football, tout comme d'échec. Manchester City a été largement supérieur, surtout en première période, et en a profité. Pour moi, City est la meilleure équipe du monde" pic.twitter.com/wHx9IwfmXJ
— BeSoccer 🇫🇷 (@BeSoccerFR) May 19, 2023
“റയലിന്റെ തോൽവി ബാഴ്സ ആരാധകർക്ക് സന്തോഷം നൽകിയിട്ടുണ്ടാവുമെന്ന് ഞാൻ സങ്കൽപ്പിക്കുന്നു.റയൽ മാഡ്രിഡ് തകർന്നടിഞ്ഞു എന്ന പ്രയോഗത്തോട് എനിക്ക് യോജിപ്പില്ല.കാരണം ഫുട്ബോളിൽ അങ്ങനെ ഒന്ന് ഇല്ല. തോൽവികൾ മാത്രമേയുള്ളൂ. മത്സരത്തിൽ സിറ്റിക്ക് തന്നെയായിരുന്നു മുൻതൂക്കം.അവരത് മുതലെടുക്കുകയും ചെയ്തു.സാന്റിയാഗോ ബെർണാബുവിൽ അങ്ങനെയായിരുന്നില്ല.ഞാൻ നേരത്തെ പറഞ്ഞ ഒരു കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം മാഞ്ചസ്റ്റർ സിറ്റിയാണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ടീം ” ഇതാണ് സാവി പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ എസ്പനോളിനെതിരെയുള്ള മത്സരത്തിൽ വിജയിച്ചതോടുകൂടി എഫ്സി ബാഴ്സലോണ ലാലിഗ കിരീടം സ്വന്തമാക്കിയിരുന്നു. ഇന്ന് ലീഗിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സയുടെ എതിരാളികൾ റയൽ സോസിഡാഡാണ്. അതേസമയം റയൽ മാഡ്രിഡ് തങ്ങളുടെ അടുത്ത മത്സരത്തിൽ വലൻസിയെയാണ് നേരിടുക.