റയലും അത്ലറ്റിക്കോയും ഒരുമിച്ച് നിന്നാൽ പോലും ബാഴ്സക്കൊപ്പമെത്തില്ല!
ഇന്നലെ നടന്ന ലാലിഗ മത്സരത്തിലും തകർപ്പൻ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ ബാഴ്സക്ക് കഴിഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് അവർ എസ്പനോളിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇരട്ട ഗോളുകൾ നേടിയ ഡാനി ഒൽമോ മത്സരത്തിൽ തിളങ്ങുകയായിരുന്നു.റാഫീഞ്ഞ ഒരു ഗോളും യമാൽ ഒരു അസിസ്റ്റും ഈ മത്സരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.നിലവിൽ പോയിന്റ് പട്ടികയിൽ ബാഴ്സ തന്നെയാണ് ഒന്നാമത്. 12 മത്സരങ്ങളിൽ നിന്ന് 33 പോയിന്റാണ് അവർ സ്വന്തമാക്കിയിട്ടുള്ളത്.
ഈ സീസണിൽ ബാഴ്സ ഗോളടിച്ച് കൂട്ടുകയാണ്. ലാലിഗയിൽ മാത്രമായി 40 ഗോളുകൾ നേടാൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടുണ്ട്.11 ഗോളുകൾ മാത്രമാണ് അവർ വഴങ്ങിയിട്ടുള്ളത്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമും ഇപ്പോൾ ബാഴ്സലോണ തന്നെയാണ്. നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡും അവരുടെ നഗരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡും ഒരുമിച്ച് നിന്നാൽ പോലും ബാഴ്സക്കൊപ്പമെത്തില്ല എന്നതാണ് യാഥാർത്ഥ്യം.അത്രയേറെ മിന്നുന്ന ഫോമിലാണ് അവർ കളിച്ചുകൊണ്ടിരിക്കുന്നത്.
റയൽ മാഡ്രിഡ് ലാലിഗയിൽ ഇതുവരെ 21 ഗോളുകളാണ് നേടിയിട്ടുള്ളത്.അത്ലറ്റിക്കോ മാഡ്രിഡ് ആകെ 18 ഗോളുകൾ നേടി.ഈ രണ്ട് ടീമുകളുടെയും ഗോളുകൾ ഒന്നിച്ച് ചേർത്താൽ പോലും 39 ഗോളുകളാണ് വരുന്നത്.എന്നാൽ ബാഴ്സലോണ മാത്രം 40 ഗോളുകൾ നേടിയിട്ടുണ്ട്. അത്രയേറെ മാസ്മരിക പ്രകടനമാണ് അവരിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയാണ് ബാഴ്സക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്.14 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.റാഫീഞ്ഞ 7 ഗോളുകൾ നേടിയപ്പോൾ യമാലും ഒൽമോയും അഞ്ച് വീതം ഗോളുകൾ നേടിയിട്ടുണ്ട്. ലാലിഗയിലെ ടോപ്പ് സ്കോറർ പട്ടിക എടുത്താൽ അതിൽ ബാഴ്സ താരങ്ങളുടെ ഒരു ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുക.ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനം അവർ നടത്തുന്നുണ്ട്. ഇനി അടുത്ത മത്സരത്തിൽ റെഡ് സ്റ്റാർ ബെൽഗ്രേഡാണ് അവരുടെ എതിരാളികൾ.