റയലിൽ എല്ലാവരും എന്നെ കണ്ടത് ഒരു ചെറിയ കുട്ടിയായി: തുറന്ന് പറഞ്ഞ് ഒഡേഗാർഡ്!
നോർവിജിയൻ സൂപ്പർ താരം മാർട്ടിൻ ഒഡേഗാർഡിനെ റയൽ മാഡ്രിഡ് 2015 ലായിരുന്നു സ്വന്തമാക്കിയിരുന്നത്. അന്ന് കേവലം 16 വയസ്സ് മാത്രമായിരുന്നു ഒഡേഗാർഡിന് ഉണ്ടായിരുന്നത്.അന്ന് തന്നെ വലിയ രൂപത്തിൽ ശ്രദ്ധ നേടിയിരുന്ന താരമായിരുന്നു ഒഡേഗാർഡ്. പക്ഷേ ക്ലബ്ബിൽ അവസരം ലഭിക്കാത്തതുകൊണ്ട് മൂന്ന് തവണയായി മറ്റു ക്ലബ്ബുകളിലേക്ക് ലോൺ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് പോകേണ്ടിവന്നു. പിന്നീട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിന് വേണ്ടി താരം ലോൺ അടിസ്ഥാനത്തിൽ കളിച്ചു. മികച്ച പ്രകടനം നടത്തിയതോടെ ആഴ്സണൽ താരത്തെ സ്ഥിരപ്പെടുത്തുകയും ചെയ്തു.
എന്നാൽ ആഴ്സണലിന്റെ ക്യാപ്റ്റനാണ് ഒഡേഗാർഡ്.അവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത താരം കൂടിയാണ് ഈ മിഡ്‌ഫീൽഡർ. ഇപ്പോൾ റയൽ മാഡ്രിഡിനെ കുറിച്ച് ചില കാര്യങ്ങൾ താരം പറഞ്ഞിട്ടുണ്ട്. ഒരു ചെറിയ കുട്ടിയായി കൊണ്ട് പരിഗണിച്ച് തനിക്ക് വേണ്ടത്ര അവസരങ്ങൾ നൽകാത്തതായിരുന്നു റയലിലെ പ്രധാനപ്പെട്ട തടസ്സം എന്നാണ് ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘റയലിൽ എന്നെ എല്ലാവരും കണ്ടിരുന്നത് ഒരു ചെറിയ കുട്ടിയെ പോലെയായിരുന്നു.അത് തീർച്ചയായും വളരെ ശല്യപ്പെടുത്തുന്നതായിരുന്നു.ഒരു സാധാരണ താരമായി എന്നെ പരിഗണിക്കാൻ പലരും തയ്യാറായില്ല. ചെറിയ പ്രായത്തിൽ തന്നെ ക്ലബ്ബിൽ എത്തുമ്പോൾ ഇത് സാധാരണമാണ്.പക്ഷേ നമുക്ക് പ്രായം വർധിക്കുന്നതിനനുസരിച്ച് അവസരങ്ങളും ലഭിക്കേണ്ടതുണ്ട്.അത് അവിടെ ലഭിച്ചില്ല.ശരിക്കും ആളുകൾ പ്രായം പരിഗണിക്കില്ല,മറിച്ച് കോളിറ്റി മാത്രമാണ് നോക്കുക.അതാണ് പ്രധാനപ്പെട്ട കാര്യം. അതിന് അവസരങ്ങൾ ലഭിക്കേണ്ടതുണ്ട് ‘ ഇതാണ് ഒഡേഗാർഡ് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ 35 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും പത്ത് അസിസ്റ്റുകളും സ്വന്തമാക്കാൻ ഒഡേഗാർഡിന് കഴിഞ്ഞിരുന്നു. ഇത്തവണത്തെ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണൽ വിജയിച്ചിട്ടുണ്ട്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ വോൾവ്സിനെ പരാജയപ്പെടുത്തിയത്. ഇനി അടുത്ത മത്സരത്തിൽ ആസ്റ്റൻ വില്ലയാണ് അവരുടെ എതിരാളികൾ.