റയലിലേക്ക് പോവാൻ ആഗ്രഹിച്ചിരുന്നു,നെയ്മറെ ബാഴ്സയിലെത്തിച്ചത് മെസ്സി : മുൻ ഏജന്റ്

സമകാലിക ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ. 2013ലായിരുന്നു അദ്ദേഹം സാന്റോസ് വിട്ടുകൊണ്ട് ബാഴ്സയിൽ എത്തിയത്. പിന്നീട് മെസ്സിയും നെയ്മറും സുവാരസ്സും അടങ്ങുന്ന ഒരു വമ്പൻ മുന്നേറ്റ നിര പിറവിയെടുത്തു.ഇപ്പോഴും പിഎസ്ജിയിൽ മെസ്സിയും നെയ്മറും ഒരുമിച്ചാണ് കളിക്കുന്നത്. ലോക ഫുട്ബോളിലെ ഒരു അസാമാന്യ കൂട്ടുകെട്ടാണ് നെയ്മറും മെസ്സിയും തമ്മിലുള്ളത്.

എന്നാൽ നെയ്മറുടെ മുൻ ഏജന്റായിരുന്ന വാഗ്നർ റിബയ്റോ ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർ റയലിലേക്ക് പോകാനായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ മെസ്സിയുടെ ഇടപെടൽ മൂലമാണ് അദ്ദേഹം ബാഴ്സയിൽ എത്തിയത് എന്നുമാണ് റിബയ്റോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നെയ്മർ റയൽ മാഡ്രിഡിലേക്ക് പോവണമെന്നായിരുന്നു എന്റെ ആഗ്രഹം.എന്നാൽ നെയ്മർ ജൂനിയർ ബാഴ്സയിൽ എത്താൻ മെസ്സി ആഗ്രഹിച്ചു. അങ്ങനെ മെസ്സിയുടെ ആവശ്യപ്രകാരം ബാഴ്സ നെയ്മർക്ക് വേണ്ടി ഓഫർ സമർപ്പിക്കുകയായിരുന്നു. റയൽ മാഡ്രിഡും ഓഫർ നൽകിയിരുന്നു.എന്നാൽ ബാഴ്സ ഇടപെട്ടതോടെ റയൽ ഓഫർ പിൻവലിക്കുകയായിരുന്നു.മെസ്സിയും നെയ്മറും തമ്മിൽ ഒരു സംഭാഷണം നടന്നതിനുശേഷമാണ് നെയ്മർ ബാഴ്സയിലേക്ക് പോകാൻ തീരുമാനമെടുത്തത്. യഥാർത്ഥത്തിൽ നെയ്മറെ ബാഴ്സയിലേക്ക് എത്തിച്ചത് മെസ്സിയാണ് ” നെയ്മറുടെ മുൻ ഏജന്റ് പറഞ്ഞു.

നിലവിൽ രണ്ടുപേരും പിഎസ്ജിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്.ലീഗ് വണ്ണിൽ 5 ഗോളുകളും 7 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്. 9 ഗോളുകളും 7 അസിസ്റ്റുകളുമാണ് ലീഗ് വണ്ണിൽ നെയ്മറുടെ സമ്പാദ്യം.

Leave a Reply

Your email address will not be published. Required fields are marked *