റയലിന് വേണ്ടിയുള്ള അരങ്ങേറ്റം എന്ന്?എംബപ്പേ പറയുന്നു!
ഒരുപാട് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റയൽ മാഡ്രിഡ് ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയെ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ സാന്റിയാഗോ ബെർണാബുവിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഏകദേശം 85000 ത്തോളം ആരാധകർ ഇത് വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തി എന്നാണ് റിപ്പോർട്ടുകൾ. ഗംഭീരമായ രൂപത്തിൽ തന്നെയാണ് റയൽ അദ്ദേഹത്തെ വരവേറ്റിട്ടുള്ളത്.
ഇനി റയൽ ജേഴ്‌സിയിലുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.ഈ പ്രീ സീസണിൽ റയൽ മാഡ്രിഡ് അമേരിക്കയിൽ വെച്ചുകൊണ്ട് ചില കിടിലൻ മത്സരങ്ങൾ കളിക്കുന്നുണ്ട്.Ac മിലാൻ,ചെൽസി,ബാഴ്സലോണ എന്നിവരാണ് എതിരാളികൾ. ക്ലബ്ബ് ആവശ്യപ്പെട്ടാൽ ഈ പ്രീ സീസൺ ടൂറിൽ പങ്കെടുക്കുമെന്ന് എംബപ്പേ പറഞ്ഞിട്ടുണ്ട്.യുവേഫ സൂപ്പർ കപ്പിൽ അരങ്ങേറ്റം കുറിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്.എംബപ്പേയുടെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ക്ലബ്ബുമായും പരിശീലകനുമായും ഇക്കാര്യം ചർച്ച ചെയ്യും. ക്ലബ്ബ് സമ്മതം മൂളിയാൽ ഞാൻ പ്രീ സീസണിന് വേണ്ടി ടീമിനോടൊപ്പം പോകും.സൂപ്പർ കപ്പ് കളിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.പക്ഷേ പരിശീലകനാണ് തീരുമാനിക്കേണ്ടത്.ഞാൻ എന്റെ ആദ്യ മത്സരത്തിനു വേണ്ടി തയ്യാറാവുകയാണ് ചെയ്യേണ്ടത്. എന്റെ മൂക്കിന്റെ പരിക്ക് ഞാൻ മെഡിക്കൽ സ്റ്റാഫുമായി പങ്കുവെക്കുന്നുണ്ട്.സാധ്യമാകുന്ന എത്രയും പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചെത്താനായിരിക്കും ഞാൻ ശ്രമിക്കുക ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
യുവേഫ സൂപ്പർ കപ്പിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിന്റെ എതിരാളികൾ യൂറോപ ലീഗ് ജേതാക്കളായ അറ്റലാന്റയാണ്. ഓഗസ്റ്റ് പതിനാലാം തീയതി അർദ്ധരാത്രി പോളണ്ടിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്. ഇതുവരെ സൂപ്പർ കപ്പ് കളിച്ചിട്ടില്ലാത്ത എംബപ്പേ ഇതിൽ പങ്കെടുക്കാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയിലാണ് ഇപ്പോൾ ഉള്ളത്.