റയലിന് തിരിച്ചടി, സൂപ്പർ താരത്തിന് മൂന്നു മത്സരങ്ങളിൽ നിന്ന് വിലക്ക്,എൽ ക്ലാസിക്കോ നഷ്ടമാകും.

കഴിഞ്ഞ ലാലിഗ മത്സരത്തിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ജിറോണയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഓരോ ഗോളും ഓരോ അസിസ്റ്റും വീതം നേടി കൊണ്ട് തുടങ്ങിയ ബെല്ലിങ്‌ഹാമും ഹോസേലുവുമാണ് ഈ വിജയത്തിൽ നിർണായക പങ്കു വഹിച്ചിട്ടുള്ളത്.ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടാനും റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു.

എന്നാൽ ഈ മത്സരത്തിന്റെ അവസാനത്തിൽ ജിറോണ താരമായ പോർട്ടുവിനെതിരെ റയലിന്റെ പ്രതിരോധനിര താരമായ നാച്ചോ ഫെർണാണ്ടസ് ഒരു ഗുരുതര ഫൗൾ നടത്തിയിരുന്നു. ഇതേ തുടർന്ന് പരിക്കേറ്റ പോർട്ടുവിന് സ്ട്രക്ച്ചറിലാണ് കളത്തിന് പുറത്തേക്ക് പോകേണ്ടിവന്നത്. ആദ്യം റഫറി നാച്ചോക്ക് യെല്ലോ കാർഡായിരുന്നു നൽകിയിരുന്നത്. എന്നാൽ VAR പരിശോധിച്ച ശേഷം ഈ യെല്ലോ കാർഡ് മാറ്റി റെഡ് കാർഡ് നൽകുകയായിരുന്നു.

ഇക്കാര്യത്തിൽ ലാലിഗയുടെ കോമ്പറ്റീഷൻ കമ്മിറ്റി കൂടുതൽ നടപടികളിലേക്ക് കടന്നിട്ടുണ്ട്.വളരെ ഗുരുതരമായ ഒരു ഫൗളാണ് നാച്ചോ ചെയ്തതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ കൂടുതൽ ശിക്ഷാനടപടികൾ വേണമെന്നുമാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്. 3 മത്സരങ്ങളിൽ നിന്നും നാച്ചോയെ വിലക്കാനാണ് ഇവർ ഇപ്പോൾ ആലോചിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ലാലിഗയിലെ മൂന്ന് മത്സരങ്ങളാണ് അദ്ദേഹത്തിന് നഷ്ടമാവുക.ഒസാസുന,സെവിയ്യ, ബാഴ്സലോണ എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലായിരിക്കും ഈ ഡിഫൻഡർക്ക് പുറത്തിരിക്കേണ്ടി വരുക.റയലിന് ഇത് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്. എന്തെന്നാൽ അവരുടെ സെന്റർ ബാക്കുമാരായ മിലിറ്റാവോ,അലാബ എന്നിവർ പരിക്കിന്റെ പിടിയിലാണ്.അതുകൊണ്ടുതന്നെ നാച്ചോയുടെ അഭാവം വലിയ രൂപത്തിൽ അവരെ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *