റയലിന് കൂടുതൽ പെനാൽറ്റികൾ ലഭിക്കുന്നത് അവർ കൂടുതൽ അറ്റാക്ക് ചെയ്യുന്നത്കൊണ്ടാണ്, പിന്തുണയുമായി സിമിയോണി

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ്‌ എതിരില്ലാത്ത ഒരു ഗോളിന് അത്ലറ്റിക് ബിൽബാവോയെ കീഴടക്കിയിരുന്നു. പെനാൽറ്റി ഗോളാണ് റയൽ മാഡ്രിഡിന്റെ രക്ഷക്കെത്തിയത്. തുടർച്ചയായി രണ്ടാം മത്സരത്തിലും പെനാൽറ്റി ഗോളിലൂടെ റയൽ ജയം കൈവരിച്ചതോടെ വിവാദങ്ങൾ ഉയർന്നു വന്നു. റഫറിമാർ റയലിന് അനുകൂലമായാണ് കളിക്കളത്തിൽ നിലകൊള്ളുന്നതെന്നും VAR സംവിധാനം റയലിന് അനുകൂലമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നും വിമർശനങ്ങൾ ഉയർന്നു വന്നു. ജെറാർഡ് പിക്വെ, ബാഴ്സ പരിശീലകൻ സെറ്റിയൻ, പ്രസിഡന്റ്‌ ബർതോമ്യൂ എന്നിവർ പ്രത്യക്ഷമായോ പരോക്ഷമായോ റയൽ മാഡ്രിഡിനെയും റഫറിയിങ്ങിനെയും വിമർശിച്ചിരുന്നു. എന്നാലിപ്പോഴിതാ റയലിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് അത്ലറ്റികോ മാഡ്രിഡ്‌ പരിശീലകൻ ഡിയഗോ സിമിയോണി. കൂടുതൽ അറ്റാക്ക് ചെയ്യുന്ന ടീമിനാണ് കൂടുതൽ പെനാൽറ്റി ലഭിക്കുകയെന്നും അത്കൊണ്ടാണ് റയലിന് കൂടുതൽ ലഭിക്കുന്നതെന്നുമാണ് സിമിയോണിയുടെ അഭിപ്രായം. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

” VAR എല്ലാവർക്കും ഉപയോഗപ്രദമായ കാര്യമാണ് എന്നതിൽ എനിക്ക് യാതൊരു വിധ സംശയങ്ങളുമില്ല. റയൽ മാഡ്രിഡിന് കൂടുതൽ പെനാൽറ്റികൾ ലഭിക്കുന്നു എന്നതിനർത്ഥം അവർ കൂടുതൽ അറ്റാക്ക് ചെയ്യുന്നു എന്നുള്ളതാണ്. ബാഴ്സലോണയുടെ പരാതികളിൽ ഒരു കഴമ്പുമില്ല. VAR ന്റെ ഗുണങ്ങളും ദോഷങ്ങളും ഞങ്ങൾ എല്ലാ ടീമുകളും അനുഭവിച്ചതാണ്. അവിടെ എപ്പോഴും തീരുമാനമെടുക്കാൻ ഒരു വ്യക്തിയുണ്ട്. അതാണ് അന്തിമ തീരുമാനം. ആ തീരുമാനം ചിലപ്പോൾ നിങ്ങളെ വേദനിപ്പിച്ചേക്കാം, അതല്ലെങ്കിൽ സഹായകരമായേക്കാം. അത് ഓഫ്‌സൈഡോ പെനാൽറ്റിയോ ആയിക്കോട്ടെ. അത് ഉൾക്കൊള്ളാൻ കഴിയണം ” സിമിയോണി പറഞ്ഞു. ഈ ലാലിഗയിൽ ഏറ്റവും കൂടി പെനാൽറ്റികൾ ലഭിച്ച ക്ലബുകൾ അത്ലറ്റിക് ബിൽബാവോയും റയൽ മയ്യോർക്കയുമാണ്. ഇരുക്ലബുകൾക്കും പത്ത് വീതം പെനാൽറ്റികൾ ആണ് ലഭിച്ചിട്ടുള്ളത്. രണ്ടാമതാണ് റയൽ മാഡ്രിഡ്‌. ഒമ്പതെണ്ണം ഇതുവരെ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *