റയലിന് കിരീടം ലഭിക്കില്ലെന്ന് ബാഴ്സ പരിശീലകൻ

കഴിഞ്ഞ ദിവസം നടന്ന ലാലിഗ മത്സരത്തിൽ സെവിയ്യയോട് ഗോൾരഹിത സമനില വഴങ്ങിയത് ബാഴ്സയുടെ നിർണായകമായ രണ്ട് പോയിന്റുകൾ നഷ്ടപ്പെടാൻ കാരണമായിരുന്നു. ഇതോടെ അടുത്ത മത്സരത്തിൽ റയൽ വിജയിച്ചാൽ ബാഴ്സയ്ക്കൊപ്പമെത്താൻ റയലിനാവും. മൂന്ന് ഗോളിൽ കൂടുതൽ അടിച്ചാൽ ബാഴ്സയെ മറികടന്ന് ഒന്നാമതെത്താനും സാധിക്കും. മത്സരശേഷം ബാഴ്സക്ക് കിരീടം നേടാനാവുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ബാഴ്സ സൂപ്പർ താരം ജെറാർഡ് പിക്വെ രംഗത്ത് വന്നിരുന്നു. എന്നാൽ പിക്വെയുടെ പ്രസ്താവനയെ പൂർണ്ണമായും തള്ളികൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സ പരിശീലകൻ സെറ്റിയൻ. മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം പിക്വെയുടെ സംസാരത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത്. കൂടാതെ റയലിന് കിരീടം ലഭിക്കില്ലെന്നും റയൽ മാഡ്രിഡിന്റെ മത്സരങ്ങളെ ആശ്രയിച്ചല്ല തങ്ങൾ ഇരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാഴ്സ കിരീടം നേടാൻ കഴിയുമെന്ന് തന്നെയാണ് പരിശീലകൻ സെറ്റിയൻ വിശ്വസിക്കുന്നത്.

” പിക്വെയുടെ അഭിപ്രായം ആ ഒരു നിമിഷത്തിലെ നിരാശയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ഒരുപക്ഷെ അദ്ദേഹത്തിന്റെ തോന്നൽ ശരിയായിരിക്കാം. പക്ഷെ അതൊരു പോസിറ്റീവ് ആയ കാര്യമല്ല. നാളെ അദ്ദേഹം മാറി ചിന്തിക്കുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഇനിയുള്ള എല്ലാ മത്സരങ്ങളും റയൽ വിജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. യാഥാർഥ്യം എന്തെന്നാൽ അവരുടെ മത്സരഫലങ്ങളെ ഞങ്ങൾ ആശ്രയിക്കുന്നില്ല. പക്ഷെ അത് മാറിയേക്കാം. ഇന്നലത്തെ മത്സരത്തിൽ ആദ്യപകുതിയിലൊക്കെ മികച്ച കളി തന്നെയാണ് ഞങ്ങൾ കാഴ്ച്ചവെച്ചത്. ലീഗിലെ ഓരോ മത്സരങ്ങളും വിജയിക്കുക എന്നത് ബുദ്ദിമുട്ടേറിയതാണ് എന്ന് ഞങ്ങൾക്ക് അറിയാം. ഒരു പോയിന്റ് മാത്രം ലഭിച്ചത് കൊണ്ട് സംതൃപ്തനൊന്നുമല്ല. പക്ഷെ ചുരുങ്ങിയത് അതെങ്കിലും ലഭിച്ചു ” സെറ്റിയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *