റയലിന് ഒരു സ്ട്രൈക്കറെ ആവിശ്യമുണ്ട്,ക്രിസ്റ്റ്യാനോക്ക് എന്ത് കൊണ്ട് അത്ലറ്റിക്കോയിലേക്ക് വന്നു കൂടാ :റയൽ മാഡ്രിഡ് ഇതിഹാസം ഗൂട്ടി
നിലവിൽ തകർപ്പൻ പ്രകടനമാണ് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ഇപ്പോൾ കാഴ്ച്ചവെക്കുന്നത്. അത്കൊണ്ട് തന്നെ തങ്ങളുടെ സ്‌ക്വാഡിൽ റയൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്തിയിരുന്നില്ല.ചുവാമെനി,റൂഡിഗർ എന്നീ താരങ്ങളെ മാത്രമാണ് റയൽ സ്വന്തമാക്കിയിട്ടുള്ളത്.
എന്നാൽ റയൽ മാഡ്രിഡ് ഇതിഹാസമായ ഗൂട്ടിക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ഒരു സ്ട്രൈക്കറെ കൂടി സ്വന്തമാക്കി കൊണ്ട് ടീമിന്റെ ശക്തി വർധിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.ഗൂട്ടിയുടെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” കഴിഞ്ഞ വർഷത്തെ പോലെ ഒരു മികച്ച ടീം തന്നെയാണ് റയൽ മാഡ്രിഡ് ഇപ്പോഴും. പക്ഷേ അവർ ടീമിന്റെ ശക്തി കൂടുതൽ വർധിപ്പിച്ചിട്ടില്ല എന്നുള്ളത് ശരി തന്നെയാണ്. ശരിക്കും അവർക്ക് ഒരു സ്ട്രൈക്കറെ കൂടി ആവശ്യമുണ്ട്.ഒരു സ്ട്രൈക്കറുടെ അഭാവം കഴിഞ്ഞവർഷം അവർ അനുഭവിച്ചിരുന്നു.ബെൻസിമയുടെ അഭാവത്തിൽ ഗോളുകൾ നേടാൻ കഴിവുള്ള ഒരു സ്ട്രൈക്കറുടെ അഭാവം ഇപ്പോഴും റയലിനുണ്ട് ” ഇതാണ് ഗൂട്ടി പറഞ്ഞിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) August 11, 2022
അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് എത്തുമെന്നുള്ള റൂമറുകൾ കുറച്ചു മുന്നേ പ്രചരിച്ചിരുന്നു. ഈ വിഷയത്തിലുള്ള തന്റെ അഭിപ്രായവും ഗൂട്ടി പറഞ്ഞിട്ടുണ്ട്.അതിങ്ങനെയാണ്.
“റൊണാൾഡോക്ക് അത്ലറ്റിക്കോയിലേക്ക് വരണമെന്നുണ്ടെങ്കിൽ എന്തുകൊണ്ട് വന്നു കൂടാ? അത്ലറ്റിക്കോ ഒരു മികച്ച ക്ലബും റൊണാൾഡോ ഒരു മികച്ച സ്ട്രൈക്കറുമാണ്.അത്ലറ്റിക്കോക്ക് ഒരു മികച്ച സ്ട്രൈക്കറെ ആവശ്യമുണ്ട്. റൊണാൾഡോയും അത്ലറ്റിക്കോയും മികച്ച കോംബോയാവുമെന്ന് ഞാൻ വിശ്വസിക്കുന്നു.അദ്ദേഹം അത്‌ലറ്റിക്കോയിൽ എത്തുകയാണെങ്കിൽ അത് ഒരല്പം വിചിത്രമായിരിക്കും. എന്തെന്നാൽ റയൽ മാഡ്രിഡ് അത്രയേറെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. പക്ഷേ റയലിന് നൽകാനുള്ളതൊക്കെ ഇതിനോടകം തന്നെ റൊണാൾഡോ നൽകി കഴിഞ്ഞിട്ടുണ്ട് ” ഇതാണ് ഗൂട്ടിറസ് പറഞ്ഞിട്ടുള്ളത്.
റയലിന്റെ അക്കാദമിയിലൂടെ വളർന്ന ഗൂട്ടി റയലിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുണ്ട്.1986 മുതൽ 2010 വരെ ഇദ്ദേഹം റയലിന്റെ ഭാഗമായിരുന്നു.