റയലിന്റെ നെടുംതൂണാവാൻ മിലിറ്റാവോക്ക് കഴിയും : തിയാഗോ സിൽവ!

കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി മിന്നിത്തിളങ്ങിയ താരമാണ് ഡിഫൻഡറായ എഡർ മിലിറ്റാവോ.പരിക്ക് കാരണം സെർജിയോ റാമോസിന് സ്ഥാനം നഷ്ടമായ സമയത്താണ് മിലിറ്റാവോ റയൽ നിരയിൽ സ്ഥിരമായി ഇടം കണ്ടെത്തുന്നത്. ഇപ്പോൾ നടക്കുന്ന കോപ്പ അമേരിക്കയിൽ ബ്രസീലിയൻ ടീമിന് വേണ്ടിയും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഒരു ഗോൾ നേടാനും ഈ സെന്റർ ബാക്കിന് സാധിച്ചു. ഇപ്പോഴിതാ താരത്തിന് ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർ താരം തിയാഗോ സിൽവ.സെർജിയോ റാമോസിന്റെ അഭാവത്തിൽ റയലിന്റെ നെടുംതൂണാവാൻ മിലിറ്റാവോക്ക് സാധിക്കുമെന്നും ബ്രസീലിയൻ ടീമിന് വേണ്ടിയും ഒരുപാട് കാലം കളിക്കാൻ മിലിറ്റാവോക്ക് കഴിയുമെന്നുമാണ് സിൽവ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഈ ചെൽസി താരം.

” സെർജിയോ റാമോസിന്റെ അഭാവത്തിൽ റയൽ മാഡ്രിഡിന്റെ നെടുംതൂണാവാൻ മിലിറ്റാവോക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന് ശേഷം ഞാൻ അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇത്‌ പോലെ തന്നെ കളിക്കാനാണ് ഞാൻ മിലിറ്റാവോയോട് ആവിശ്യപ്പെട്ടത്.ഒരു മികച്ച വർഷമാണ് അദ്ദേഹത്തിനിപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്.ഒരുപാട് കാലം ബ്രസീൽ ടീമിനായും കളിക്കാൻ അദ്ദേഹത്തിന് സാധിക്കും.തന്റെ വേഗതയെ മിലിറ്റാവോ വളരെയധികം വിശ്വസിക്കുന്നുണ്ട്.വളരെയധികം വേഗതയുള്ള താരമാണ് അദ്ദേഹം.കളത്തിൽ എപ്പോഴും അദ്ദേഹം ഹൈ ആയിട്ടാണ് നിൽക്കാറുള്ളത്. കാരണം അദ്ദേഹത്തിന് പന്ത് തിരിച്ചു പിടിക്കാൻ കഴിയുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്.എസി മിലാനിൽ എത്തിയ സമയത്ത് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിരുന്ന. അതാണ് ഞാൻ അദ്ദേഹത്തെ ഇപ്പോൾ പഠിപ്പിക്കാൻ ശ്രമിക്കുന്നത് ” സിൽവ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *