റയലിന്റെ ക്യാപ്റ്റൻ ബ്രസീലിയൻ താരം തന്നെ, സ്ഥിരീകരിച്ച് പെരസ്!
റയൽ മാഡ്രിഡിന്റെ ഇതിഹാസനായകനായ സെർജിയോ റാമോസ് ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു. റയൽ പരമ്പരാഗതമായി നടപ്പിലാക്കി വരുന്ന രീതിയനുസരിച്ച് ക്യാപ്റ്റൻ സ്ഥാനത്തിനർഹൻ ബ്രസീലിയൻ താരം മാഴ്‌സെലോയാണ്. എന്നാൽ മാഴ്‌സെലോയെ ഈ ട്രാൻസ്ഫർ ജാലകത്തിൽ റയൽ കയ്യൊഴിഞ്ഞേക്കുമെന്നുള്ള റൂമറുകൾ ഉണ്ടായതിനാൽ ഇക്കാര്യം ഉറപ്പായിരുന്നില്ല. ഇപ്പോഴിതാ മാഴ്‌സെലോ റയലിൽ തന്നെ തുടരുമെന്നും ക്യാപ്റ്റന്റെ സ്ഥാനം അദ്ദേഹം തന്നെ അലങ്കരിക്കുമെന്നും സ്ഥിരീകരിച്ചിരിക്കുകയാണ് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറെന്റിനോ പെരസ്. താനൊരുപാട് ഇഷ്ടപ്പെടുന്ന താരമാണ് മാഴ്‌സെലോയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം എൽ ട്രാൻസിസ്റ്ററിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പെരസ്.
Presidente do Real Madrid garante permanência de Marcelo: 'Amo muito ele' https://t.co/E1zoZPBoDG
— UOL Esporte (@UOLEsporte) June 24, 2021
” തീർച്ചയായും മാഴ്‌സെലോ റയലിൽ ക്യാപ്റ്റനായി കൊണ്ട് തന്നെ തുടരും.മാഴ്‌സെലോ അത് അർഹിക്കുന്നതാണ്.ഞാൻ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.മാഴ്‌സെലോയെ പോലെയുള്ള ഒരു ലെഫ്റ്റ് ബാക്കിനെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്.ആ പൊസിഷനിൽ മാഴ്‌സെലോയും റോബെർട്ടോ കാർലോസുമാണ് ഏറ്റവും മികച്ച താരങ്ങൾ.മാഴ്‌സെലോ അനുമോദനങ്ങൾ മാത്രമേ അർഹിക്കുന്നുവൊള്ളൂ ” പെരസ് പറഞ്ഞു.2022 ജൂൺ വരെയാണ് താരത്തിന് റയലുമായി കരാറുള്ളത്.14 വർഷത്തോളം റയലിന്റെ ജേഴ്സിയണിഞ്ഞ താരത്തിന് കഴിഞ്ഞ സീസണിൽ തന്റെ മികവിലേക്കുയരാൻ സാധിച്ചിരുന്നില്ല. താരം ഫോമിലേക്ക് എത്തുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.