റയലിന്റെ ക്യാപ്റ്റനാവാൻ മാഴ്‌സെലോ, 117 വർഷത്തിന് ശേഷം ഇതാദ്യം!

നായകൻ സെർജിയോ റാമോസ് തന്റെ 16 വർഷക്കാലത്തെ ഇതിഹാസസമാനമായ റയൽ കരിയറിന് വിരാമമിടുകയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു.ഇതോടെ റയലിന് നഷ്ടമാവുന്നത് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെയാണെന്ന കാര്യത്തിൽ സംശയമുണ്ടാവില്ല.2015-ലായിരുന്നു ഐകർ കസിയ്യസിൽ നിന്ന് റാമോസ് നായകസ്ഥാനമേറ്റടുത്തത്.അതിന് ശേഷം 12 കിരീടങ്ങളാണ് റാമോസിന് കീഴിൽ റയൽ നേടിയത്.ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം ഇതിൽ ഉൾപ്പെടും. ഇത്തരത്തിലുള്ള മഹത്തായ നേട്ടം കൈവരിച്ചു കൊണ്ടാണ് റാമോസ് പടിയിറങ്ങുന്നത്.

റയൽ മാഡ്രിഡ്‌ പരമ്പരാഗതമായി നടപ്പിലാക്കി വരുന്ന രീതിയനുസരിച്ച് റയൽ മാഡ്രിഡിൽ ഏറ്റവും കൂടുതൽ കാലം ചിലവഴിച്ച താരത്തിനാണ് ക്യാപ്റ്റൻ സ്ഥാനം നൽകുക. അത്‌പ്രകാരം റാമോസിന്റെ പകരക്കാരനായി കൊണ്ട് തിരഞ്ഞെടുക്കപ്പെടുക ബ്രസീലിയൻ താരം മാഴ്‌സെലോയായിരിക്കും. നിലവിൽ റയലിൽ ഏറ്റവും കൂടുതൽ കാലം തുടർന്ന താരം മാഴ്‌സെലോയാണ്.15 വർഷമായി അദ്ദേഹം റയലിലെത്തിയിട്ട്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരു സ്പാനിഷ് താരമല്ലാത്ത റയൽ നായകൻ ഉണ്ടാവുന്നത് 117 വർഷങ്ങൾക്ക് ശേഷമായിരിക്കും. ഇതിന് മുമ്പ് 1904-ൽ ഗ്വാട്ടിമാല താരമായിരുന്ന ഫെഡറിക്കോ റെവ്യൂൽട്ടയായിരുന്നു റയലിന്റെ ഫസ്റ്റ് ക്യാപ്റ്റനായ നോൺ -സ്പാനിഷ് താരം. അതിന് ശേഷം ഇതാദ്യമായാണ് ക്യാപ്റ്റന്റെ ആം ബാൻഡ് ഒരു നോൺ-സ്പാനിഷ് താരത്തെ തേടിയെത്തുന്നത്. അതേസമയം റയലിന്റെ സെക്കന്റ്‌ ക്യാപ്റ്റൻ സ്‌ട്രൈക്കർ കരിം ബെൻസിമയായിരിക്കും. മാഴ്‌സെലോയുടെ അഭാവത്തിൽ ബെൻസിമയായിരിക്കും ആം ബാൻഡ് അണിയുക.

Leave a Reply

Your email address will not be published. Required fields are marked *