റയലിനേക്കാൾ മികച്ച ടീം ഞങ്ങളാണ്,എനിക്ക് അവർക്കെതിരെ ഗോളടിക്കണം : തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം റാഫീഞ്ഞ പറയുന്നു!

ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയം നേടാൻ വമ്പൻമാരായ ബാഴ്സക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബാഴ്സ ഇന്റർ മിയാമിയെ തകർത്തു വിട്ടത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മിന്നും പ്രകടനം പുറത്തെടുത്ത ബ്രസീലിയൻ സൂപ്പർ താരം റാഫീഞ്ഞയാണ് വിജയത്തിൽ നിർണായക പങ്കു വഹിച്ചത്. ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് 45 മിനിറ്റ് മാത്രം കളിച്ച റാഫീഞ്ഞ നേടിയത്.

ഏതായാലും ബാഴ്സയുടെ അടുത്ത സൗഹൃദ മത്സരം ചിരവൈരികളായ റയൽ മാഡ്രിഡിനെതിരെയാണ്. ഈ മത്സരത്തെക്കുറിച്ച് റാഫീഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അതായത് റയലിനേക്കാൾ മികച്ച ടീം തങ്ങളാണെന്നും തനിക്ക് റയലിനെതിരെ ഗോൾ നേടണമെന്നുമാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇന്നത്തെ മത്സരത്തിൽ ഗോൾ നേടാനായതിൽ ഞാൻ ഹാപ്പിയാണ്. ഈ താരങ്ങളോടൊപ്പം കളിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. പക്ഷേ ഇനിയും ഞാൻ ടീമിന്റെ ശൈലിയുമായി അഡാപ്റ്റാവേണ്ടതുണ്ട്. സഹതാരങ്ങൾ എന്നെ സഹായിക്കുന്നുണ്ട്, അവരെ സഹായിക്കാൻ എനിക്ക് കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും പോരാടാൻ ഈ ടീമിന് സാധിക്കും. ഞങ്ങൾ റയൽ മാഡ്രിഡിനേക്കാൾ മികച്ച ടീമാണ് എന്നാണ് ഞാൻ കരുതുന്നത്. എനിക്ക് അവർക്കെതിരെ ഗോൾ നേടണം.ആ മത്സരത്തിനാണ് ഇനി ഞങ്ങൾ തയ്യാറാവുന്നത് ” ഇതാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.

വരുന്ന ഞായറാഴ്ച രാവിലെ ഇന്ത്യൻ സമയം 8:30-നാണ് എൽ ക്ലാസിക്കോ പോരാട്ടം അരങ്ങേറുക. അമേരിക്കയിൽ വെച്ചാണ് ഈ സൗഹൃദമത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *