റയലിനെ തോല്പിക്കൂ,അത് ആശ്വാസമാകും : സാവിയോട് ലാപോർട്ട
സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ ലാലിഗയിൽ മികച്ച രൂപത്തിലാണ് മുന്നോട്ടുപോകുന്നത്.നിലവിൽ ഒന്നാം സ്ഥാനത്ത് ബാഴ്സയാണുള്ളത്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുന്നതിന്റെ തൊട്ടരികിലാണ് നിലവിൽ ബാഴ്സയുള്ളത്. ഈ സീസണിലും ബാഴ്സ യൂറോപ ലീഗ് കളിക്കാനുള്ള സാധ്യതകൾ ഏറെയാണ്.
ഈയൊരു ബുദ്ധിമുട്ടേറിയ ഘട്ടത്തിലും ബാഴ്സ പരിശീലകനായ സാവിക്ക് പിന്തുണ നൽകിക്കൊണ്ട് ബാഴ്സ പ്രസിഡന്റ് ലാപോർട്ട രംഗത്ത് വന്നിട്ടുണ്ട്.സാവിയിൽ താൻ വളരെയധികം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്. മാത്രമല്ല എൽ ക്ലാസിക്കോ മത്സരത്തിൽ റയലിനെ തോൽപ്പിക്കുകയാണെങ്കിൽ അത് സഹായകരമാകുമെന്നും ലാപോർട്ട കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
#ElClásico Day minus one pic.twitter.com/N9qiXycITf
— FC Barcelona (@FCBarcelona) October 15, 2022
” ഓരോ മത്സരങ്ങൾക്ക് ശേഷവും ഞാൻ എപ്പോഴും സാവിയുമായി അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് സംസാരിക്കാറുണ്ട്. കഴിഞ്ഞ മത്സരത്തിനുശേഷം വളരെ ദുഃഖിതനായി കൊണ്ടാണ് ഞാൻ അദ്ദേഹത്തെ കണ്ടത്. പക്ഷേ വളരെയധികം കഴിവുകളുള്ള ഒരു വ്യക്തിയാണ് അദ്ദേഹം. ഞങ്ങൾ ഒരു ബുദ്ധിമുട്ടേറിയ സമയത്താണെങ്കിൽ പോലും അദ്ദേഹം എപ്പോഴും പോസിറ്റീവ് വശങ്ങളാണ് കാണുക. എനിക്ക് അദ്ദേഹത്തിൽ വളരെയധികം ആത്മവിശ്വാസമുണ്ട്.അടുത്ത ഞായറാഴ്ച നടക്കുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ അത് ടീമിന് സഹായകരമാകും ” ലാപോർട്ട പറഞ്ഞു.
നാളെ രാത്രി ഇന്ത്യൻ സമയം 7:45നാണ് എൽ ക്ലാസിക്കോ പോരാട്ടം നടക്കുക.റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിലാണ് ഈ മത്സരം അരങ്ങേറുക.അവസാനമായി കളിച്ച രണ്ട് എൽ ക്ലാസിക്കോ മത്സരങ്ങളിലും വിജയിക്കാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്.