റയലിനെതിരെ കളിക്കേണ്ടി വന്നാൽ? വിടപറച്ചിലിൽ മനസ്സ് തുറന്ന് മാഴ്സലോ!

റയൽ മാഡ്രിഡിലെ മാഴ്സലോ യുഗത്തിന് അന്ത്യമാവുകയാണ്.സാന്റിയാഗോ ബെർണാബുവിൽ നടന്ന ചടങ്ങിലാണ് മാഴ്സലോ എന്ന ഇതിഹാസത്തിന് റയൽ മാഡ്രിഡ് യാത്രയയപ്പ് നൽകിയത്.റയലിനും സഹപ്രവർത്തകർക്കും മാഴ്സെലോ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വിടവാങ്ങൽ ചടങ്ങിനിടെ തന്റെ ഭാവി പദ്ധതികളെപ്പറ്റി മാഴ്സലോ വെളിപ്പെടുത്തിയിരുന്നു. വിരമിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്. ഭാവിയിൽ റയലിനെതിരെ കളിക്കേണ്ടി വന്നാൽ അതൊരു പ്രശ്നമാവില്ലെന്നും മാഴ്സലോ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഇപ്പോൾ വിരമിക്കലിനെ കുറിച്ച് ചിന്തിക്കുന്നില്ല. എന്നാൽ ഭാവിയെക്കുറിച്ച് കടന്ന് ചിന്തിക്കുന്നുമില്ല. ബാക്കിയൊക്കെ ഞാൻ വഴിയെ അറിയിക്കാം.ഭാവിയെ ഞാൻ പേടിക്കുന്നില്ല. റയലിൽ ഞാൻ ഇതുവരെ ചെയ്തു തീർത്ത കാര്യങ്ങളിൽ വളരെയധികം സന്തോഷവാനാണ്.റയലിനെതിരെ ഭാവിയിൽ കളിക്കേണ്ടി വന്നാൽ അതൊരു പ്രശ്നമാവില്ല എന്ന് ഞാൻ കരുതുന്നു. ഞാനൊരു പ്രൊഫഷണലാണ്. എങ്ങനെയാണ് ഒരു നല്ല പ്രൊഫഷണലാവുക എന്നുള്ളത് റയൽ മാഡ്രിഡ് എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് ” ഇതാണ് മാഴ്സെലോ പറഞ്ഞിട്ടുള്ളത്.

റയലിന് വേണ്ടി 545 മത്സരങ്ങൾ കളിച്ച മാഴ്സലോ 38 ഗോളുകൾ നേടിയിട്ടുണ്ട്.25 കിരീടങ്ങൾ നേടിയ മാഴ്സെലോയാണ് റയൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം.

Leave a Reply

Your email address will not be published. Required fields are marked *