റയലാണ് വൃത്തികെട്ട കളി കളിക്കുന്നത്: പൊട്ടിത്തെറിച്ച് ലാപോർട്ട!
ബാഴ്സലോണയെ സമീപകാലത്ത് ഏറ്റവും കൂടുതൽ പിടിച്ചു കുലുക്കിയ കേസാണ് നെഗ്രയ്ര കേസ്. അതായത് ദീർഘകാലമായി എഫ്സി ബാഴ്സലോണ റഫറിമാരുടെ ടെക്നിക്കൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായ നെഗ്രയ്രക്ക് കൈക്കൂലി നൽകുന്നതായി കണ്ടെത്തുകയായിരുന്നു.ബാഴ്സലോണ നടത്തിയ സാമ്പത്തിക ഇടപാടുകൾ പുറത്ത് വന്നതോടെ ഇത് കേസാവുകയും ചെയ്തു.നിലവിലെ ബാഴ്സലോണ പ്രസിഡണ്ടായ ജോയൻ ലാപോർട്ടയും ഇക്കാര്യത്തിൽ അന്വേഷണം നേരിട്ടിരുന്നു.2003നും 2010നും ഇടക്ക് കൈക്കൂലി നൽകിയതിന്റെ ഭാഗമായി കൊണ്ട് ലാപോർട്ടയും ഉണ്ടായിരുന്നു എന്നായിരുന്നു ആരോപണങ്ങൾ.
എന്നാൽ ലാപോർട്ടയും അദ്ദേഹത്തിന്റെ ബോർഡ് അംഗങ്ങളും നിരപരാധികളാണെന്ന് കണ്ടെത്തിയിരുന്നു. അങ്ങനെ അവരെ കുറ്റവിമുക്തരാക്കിയിട്ടുണ്ട്.ഇതിന് പിന്നാലെ റയൽ മാഡ്രിഡിനെതിരെ രൂക്ഷ വിമർശനങ്ങൾ അദ്ദേഹം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. റഫറിമാരുടെ കാര്യത്തിൽ റയൽ മാഡ്രിഡാണ് വൃത്തികെട്ട കളി കളിക്കുന്നത് എന്നാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞങ്ങൾക്കെതിരെ വളരെ വൃത്തികെട്ട കളിയാണ് റയൽ മാഡ്രിഡ് കളിച്ചത്. മാത്രമല്ല റയൽ മാഡ്രിഡ് ടിവിയിലൂടെ റഫറിമാർക്കെതിരെ റിപ്പോർട്ട് നൽകിക്കൊണ്ട് സ്വാധീനിക്കാൻ ശ്രമിച്ചതും ഇവർ തന്നെയാണ്.റഫറിമാരിൽ നിന്നും ഏറ്റവും കൂടുതൽ അനുകൂലമായ തീരുമാനങ്ങൾ ലഭിച്ചിട്ടുള്ള ക്ലബ്ബ് റയൽ മാഡ്രിഡ് ആണ്. ഞങ്ങൾ റഫറിമാരെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നുള്ളത് ആർക്കും തന്നെ ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം ഞങ്ങൾ അങ്ങനെ ചെയ്തിട്ടില്ല ” ഇതാണ് ബാഴ്സലോണ പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.
2003 മുതൽ 2010 വരെയുള്ള ബാഴ്സലോണ ബോർഡ് കുറ്റവിമുക്തരായെങ്കിലും ബാഴ്സ ഇപ്പോഴും കുറ്റക്കാർ തന്നെയാണ്. അവരുടെ മുൻപ്രസിഡന്റുമാരായ ബർതൊമു,സാൻഡ്രോ റോസൽ എന്നിവരൊക്കെ നെഗ്രയ്ര കേസിൽ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിരുന്നു.ഇവരുടെ അപ്പീലുകൾ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.