റഫറിമാർ റയലിന് അനുകൂലമെന്ന് അന്ധനായ മനുഷ്യനുപോലും കാണാൻ കഴിയും :പൊട്ടിത്തെറിച്ച് ചാവി.

സമീപകാലത്ത് ലാലിഗയിലെ റഫറിമാരുമായി ബന്ധപ്പെട്ട ഒരുപാട് വിവാദങ്ങൾ സജീവമായി നിലനിൽക്കുന്നുണ്ട്.റയൽ മാഡ്രിഡിന് അനുകൂലമായി റഫറിമാർ നിലകൊള്ളുന്നു എന്നാണ് പ്രധാനപ്പെട്ട ആരോപണം.ഈയൊരു സാഹചര്യത്തിൽ ലീഗിൽ കിരീടം നേടുക എന്നുള്ളത് ബുദ്ധിമുട്ടാണെന്ന് ബാഴ്സലോണയുടെ പരിശീലകനായ ചാവി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഞങ്ങൾ വിഡ്ഢികളല്ലെന്ന് അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായ സിമയോണി ഒരു പ്രസ് കോൺഫറൻസിൽ പറയുകയും ചെയ്തിരുന്നു.

ഏതായാലും ഈ വിഷയത്തിൽ ഒരിക്കൽ കൂടി രൂക്ഷമായ വിമർശനം അഴിച്ചുവിട്ടിരിക്കുകയാണ് ബാഴ്സയുടെ പരിശീലകനായ ചാവി. റഫറിമാർ റയലിന് അനുകൂലമായി തീരുമാനങ്ങൾ എടുക്കുന്നു എന്നുള്ളത് അന്ധനായ മനുഷ്യന് പോലും കാണാൻ കഴിയും എന്നാണ് ചാവി ആരോപിച്ചിട്ടുള്ളത്. റഫറിമാരുടെ തീരുമാനങ്ങളെ കീറിമുറിച്ച് അവരെ സമ്മർദ്ദത്തിലാക്കുന്ന റയൽ മാഡ്രിഡ് ടിവിക്കെതിരെയും ചാവി ആഞ്ഞടിച്ചിട്ടുണ്ട്. ബാഴ്സ പരിശീലകന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റയൽ മാഡ്രിഡ് തങ്ങളുടെ ടിവിയിലൂടെ റഫറിമാരെ കണ്ടീഷൻ ചെയ്യുന്നു.അത് ഞാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യമല്ല.പക്ഷേ എല്ലാ ആഴ്ചയും അവർ ഇത് തുടരുന്നു.അങ്ങനെ റഫറിമാർ സമ്മർദ്ദത്തിലാകുന്നു.നെഗ്രയ്ര കേസിനോട് ഞങ്ങൾ പോരാടേണ്ടതുണ്ട്. പ്രസിഡണ്ട് പറഞ്ഞത് 100% ശരിയാണ്. ഞങ്ങൾക്ക് ബാഴ്സലോണ ആരാധകരെ കബളിപ്പിക്കാനാവില്ലല്ലോ.എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നുള്ളത് അന്ധനായ മനുഷ്യന് പോലും കാണാൻ കഴിയും.സിമയോണിയും ഇക്കാര്യം തുറന്നു പറഞ്ഞതാണ്. എല്ലാവർക്കും കാണാം ഇവിടെ സംഭവിക്കുന്നത്. മാധ്യമങ്ങൾ അത് പറഞ്ഞേ മതിയാകൂ ” ഇതാണ് ബാഴ്സലോണയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണോടു കൂടി ബാഴ്സലോണയുടെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിയുകയാണ് എന്നുള്ള കാര്യം ചാവി തന്നെ നേരത്തെ അറിയിച്ചിരുന്നു. പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണങ്ങൾ ഇപ്പോൾ തന്നെ ബാഴ്സലോണ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ ഇറങ്ങുന്നുണ്ട്.ഡിപോർട്ടിവോ അലാവസാണ് അവരുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്കാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *