” യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാണ് സുവാരസ് “

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വലൻസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അത്‌ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ലൂയിസ് സുവാരസ് ഒരു ഗോൾ കണ്ടെത്തിയിരുന്നു. ഈ ലാലിഗയിൽ താരം നേടുന്ന പന്ത്രണ്ടാമത്തെ ഗോളായിരുന്നു ഇത്. ഇതിന് മുമ്പ് നടന്ന മത്സരത്തിലും ഇരട്ടഗോൾ നേടിക്കൊണ്ട് അത്‌ലറ്റിക്കോയുടെ രക്ഷകനായത് ലൂയിസ് സുവാരസ് ആയിരുന്നു. ലീഗ് ടോപ് സ്കോറർമാരുടെ പട്ടികയിൽ തലപ്പത്തുള്ളതും സുവാരസ് തന്നെ. ഇപ്പോഴിതാ സുവാരസിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രസിഡന്റായ എൻറിക്വ സെറെസോ. യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് ലൂയിസ് സുവാരസ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഇന്നലത്തെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് ലൂയിസ് സുവാരസ് എന്നുള്ള കാര്യം ഞങ്ങൾ എപ്പോഴും ചിന്തിക്കുന്ന ഒന്നാണ്. അദ്ദേഹം ഞങ്ങളോടൊപ്പം ഉള്ളത് തന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമാണ്. ഇവിടെ എല്ലാവരും അദ്ദേഹത്തിന്റെ കാര്യത്തിൽ സന്തോഷവാൻമാരാണ് ” അത്ലറ്റിക്കോ പ്രസിഡന്റ് പറഞ്ഞു. അതേസമയം യുവതാരം ഹാവോ ഫെലിക്സിനെക്കുറിച്ച് സംസാരിക്കാനും ഇദ്ദേഹം മറന്നില്ല. അദ്ദേഹം മികച്ച താരമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും അദ്ദേഹം തോൽക്കാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *