യുവസൂപ്പർ താരത്തിന് പരിക്ക്, റയലിന് ആശങ്ക
റയൽ മാഡ്രിഡ് യുവസൂപ്പർ താരം ലുക്കാ ജോവിച്ചിന് പരിക്കേറ്റു. കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് അധികൃതർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലാലിഗ സീസൺ പുനരാരംഭിക്കാനിരിക്കെ വീണ്ടും പരിക്കേറ്റത് റയലിനും പരിശീലകൻ സിദാനും തലവേദന സൃഷ്ട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് പരിശീലനം നടത്തുന്നതിനിടെയാണ് ജോവിച്ചിന് പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ വലതു കാലിന്റെ എല്ലിന് പൊട്ടലാണ് ഉള്ളതെന്ന് പ്രാഥമികറിപ്പോർട്ടിൽ തെളിഞ്ഞിട്ടുണ്ട്. എത്ര ദിവസം താരം പുറത്തിരിക്കേണ്ടി വരുമെന്നത് വ്യക്തമല്ലെങ്കിലും ഒരു മാസത്തോളം താരത്തിന് നഷ്ടമായേക്കും എന്നാണ് സൂചനകൾ.
ഇരുപത്തിരണ്ടുകാരനായ താരം കഴിഞ്ഞ ആഴ്ച്ചയാണ് സെർബിയയിൽ നിന്ന് മാഡ്രിഡിലെത്തിയത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ജോവിച്ച് പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വീട്ടിൽ വെച്ച് നടത്തിയ പരിശീലനമായിരുന്നു താരത്തിന് വിനയായത്. ഈ സീസണിൽ റയലിൽ എത്തിയ താരത്തിന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ഇതുകൊണ്ട് തന്നെ പരിശീലകൻ വേണ്ടത്ര അവസരം താരത്തിന് നൽകിയിരുന്നുമില്ല. ടീമിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിനിടെ പരിക്കേറ്റത് ലുക്കാ ജോവിച്ചിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയിട്ടുള്ളത്.