യുവന്റസിനെ വെള്ളംകുടിപ്പിച്ച് പെഡ്രി, ഭാവി ഇനിയേസ്റ്റയെന്ന് ആരാധകരുടെ പ്രവചനം !

കഴിഞ്ഞ യുവന്റസിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സ വിജയിച്ചു കയറിയത്. മെസ്സി, ഡെംബലെ എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. എന്നാൽ മത്സരത്തിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് പെഡ്രി എന്ന പതിനേഴുകാരനായ താരമായിരുന്നു. യുവന്റസ് നിരയെ താരം വെള്ളംകുടിപ്പിച്ചു എന്ന് പറയുന്നതാവും അതിന്റെ ശരി. അത്രക്ക് മികച്ചതായിരുന്നു താരത്തിന്റെ പ്രകടനം. പരിക്ക് മൂലം പുറത്തിരിക്കുന്ന കൂട്ടീഞ്ഞോയുടെ പകരക്കാരനെന്നോണമാണ് പെഡ്രി ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചത്. മുന്നേറ്റനിരയിൽ ഇടതു വിങ്ങിൽ സ്ഥാനം പിടിച്ച പെഡ്രി നിരന്തരം യുവന്റസിന് ഭീഷണി സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് യുവന്റസിന്റെ കൊളംബിയൻ താരം ക്വഡ്രാഡോ താരത്തെ കൊണ്ട് വലഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ പോലെയൊരു ടീമിനെതിരെ കളിക്കുമ്പോൾ ഉണ്ടാവുന്ന പതിനേഴുകാരന്റെ ഭയമോ ആത്മവിശ്വാസമില്ലായ്മയോ പരിചയക്കുറവിന്റെ പ്രശ്നങ്ങളോ ഒന്നും തന്നെ പെഡ്രിയിൽ കാണാൻ സാധിച്ചിരുന്നു. ഇതോടെ സ്പാനിഷ് മാധ്യമങ്ങളും ആരാധകകൂട്ടവും താരത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണിപ്പോൾ.

ഈ ദശകത്തിലെ സൈനിങ്‌ എന്നാണ് പെഡ്രിയുടെ സൈനിങ്ങിനെ മാർക്ക വിശേഷിപ്പിച്ചത്. അതേസമയം ഭാവിയിലെ ഇനിയേസ്റ്റ എന്ന് ആരാധകർ സാമൂഹികമാധ്യമങ്ങളിലുടനീളം പെഡ്രിയെ കുറിച്ച് അഭിപ്രായപ്പെട്ടു തുടങ്ങി. ഏതായാലും കിട്ടിയ അവസരം മുതലെടുക്കുന്നതിൽ താൻ മിടുക്കനാണെന്ന് പെഡ്രി തെളിയിച്ചു കഴിഞ്ഞു. ഈ ട്രാൻസ്ഫർ ജാലകത്തിൽ കേവലം അഞ്ച് മില്യൺ യൂറോക്കാണ് ലാസ് പാൽമസിൽ നിന്നും പെഡ്രി ബാഴ്സയിൽ എത്തിയത്. അത്കൊണ്ട് തന്നെയാണ് താരത്തിന്റെ പ്രകടനം കണ്ടു ഈ ദശകത്തിലെ സൈനിങ്‌ എന്ന് മാർക്ക വിശേഷിപ്പിച്ചത്. മത്സരത്തിൽ താരം കൊടുത്തു 42 പാസുകളിൽ നാൽപതും താരം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചെയ്ത ആറു ഡ്രിബിൾസിൽ അഞ്ചും താരം വിജയകരമായി പൂർത്തിയാക്കി. മാത്രമല്ല അഡ്രിയാൻ റാബിയോട്ടിനെ തടയുന്നതിലും താരം മികവു കാണിച്ചിരുന്നു. രണ്ട് തവണയാണ് ക്വഡ്രാഡോയെ നിലത്തു വീഴ്ത്തി നിഷ്പ്രഭനാക്കി കൊണ്ട് മുന്നേറിയത്. അങ്ങനെ അത്ഭുതാവഹമായ പ്രകടനം കാഴ്ച്ചവെച്ച താരം ഭാവി വാഗ്ദാനമാണ് എന്നാണ് ചിലരുടെ കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *