യുവതാരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരം നൽകിയ ടീം ബാഴ്‌സ തന്നെ, കണക്കുകൾ ഇതാ!
ഈ സീസണിൽ പകുതി പിന്നിടുമ്പോൾ അത്ര നല്ല നിലയിലൂടെയല്ല വമ്പൻമാരായ എഫ്സി ബാഴ്സലോണ കടന്നു പോവുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ബാഴ്‌സയിപ്പോൾ ലാലിഗയിലും പിറകിലാണ്. പരിശീലകനായ സാവി ടീമിനെ പുനർനിർമിച്ചു കൊണ്ടിരിക്കുന്ന പ്രക്രിയയിലാണ്.
എന്നാൽ ഈ സീസണിൽ ബാഴ്‌സക്ക് ആശ്വസിക്കാൻ കഴിയുന്ന മറ്റൊരു കാര്യമുണ്ട്. യുവതാരങ്ങൾക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയ ക്ലബ് ബാഴ്‌സയാണ്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ 21 വയസ്സിന് താഴെയുള്ള താരങ്ങളെ ഏറ്റവും കൂടുതൽ മിനുട്ടുകൾ കളിപ്പിച്ചിട്ടുള്ള ക്ലബ്ബ് ബാഴ്സയാണ്.4975 മിനുട്ടാണ് ബാഴ്‌സ യുവതാരങ്ങൾക്ക് അവസരം നൽകിയിട്ടുള്ളത്. ഒപ്റ്റ അനലിസ്റ്റാണ് ഈ കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. നമുക്ക് കണക്കുകൾ പരിശോധിക്കാം.
— Murshid Ramankulam (@Mohamme71783726) December 26, 2021
ബാഴ്‌സ – 4975
ബയേർ ലെവർകൂസൻ – 4034
റെയിംസ് – 3637
മോന്റ്പെല്ലിയർ – 3285
സെന്റ് എറ്റിനി – 2980
മോൺഷെൻഗ്ലാഡ്ബാഷ് -2939
നീസ് – 2822
മാഴ്സെ -2683
റെന്നസ് -2497
മൊണാക്കോ -2417
ഇതാണ് കണക്കുകൾ. ലീഗ് വണ്ണിലെ ക്ലബ്ബുകളാണ് ഏറ്റവും കൂടുതൽ യുവതാരങ്ങളെ ഉപയോഗിക്കുന്നതെന്നും വ്യക്തമാണ്.
നിരവധി യുവതാരങ്ങളാണ് ഈ സീസണിൽ എഫ്സി ബാഴ്സലോണയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്.എറിക് ഗാർഷ്യ, നിക്കോ ഗോൺസാലസ്, ഗാവി, അബ്ദെ,ഫെറാൻ ജൂട്ഗ്ല എന്നിവരൊക്കെ ബാഴ്‌സക്ക് വേണ്ടി കളിച്ച അണ്ടർ 21 താരങ്ങളാണ്. ഇതിൽ എറിക് ഗാർഷ്യ ഏറ്റവും കൂടുതൽ മിനുട്ടുകൾ കളിച്ച താരം. ഏതായാലും ലാ മാസിയ താരങ്ങളെ ഉപയോഗിക്കുന്നതിൽ ബാഴ്സ ഒരു മടിയും കാണിക്കുന്നില്ലന്ന് ഇതിൽ നിന്നും വ്യക്തമാണ്.