മെസ്സി ഹാപ്പിയല്ല,ഈ സമ്മറിൽ ബാഴ്സയിൽ തിരിച്ചെത്തും : മറഡോണ ജൂനിയർ!
എഫ്സി ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസ്സി ക്ലബ്ബ് വിട്ടത് കഴിഞ്ഞ സമ്മറിലായിരുന്നു.എന്നാൽ പുതിയ ക്ലബ്ബായ പിഎസ്ജിയിൽ നല്ല രൂപത്തിലല്ല കാര്യങ്ങൾ ഇപ്പോൾ മുന്നോട്ടു പോകുന്നത്.22 മത്സരങ്ങൾ കളിച്ച മെസ്സിക്ക് കേവലം ഏഴു ഗോളുകൾ മാത്രമാണ് നേടാനായിട്ടുള്ളത്.
ഏതായാലും ഇതിഹാസതാരമായ ഡിയഗോ മറഡോണയുടെ മകനായ ഡിയഗോ സിനാഗ്ര മെസ്സിയുടെ കാര്യത്തിൽ ചില അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതായത് മെസ്സി പിഎസ്ജിയിൽ ഹാപ്പിയല്ലെന്നും ഒരുപക്ഷേ ഈ സമ്മറിൽ തന്നെ അദ്ദേഹം ബാഴ്സയിൽ തിരികെ എത്തിയേക്കാമെനുള്ളത് തനിക്ക് ബോധ്യമായിട്ടുണ്ട് എന്നാണ് മറഡോണ ജൂനിയർ പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം ഡയാരിയോ സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.ജൂനിയറുടെ വാക്കുകൾ ഇങ്ങനെയാണ്.
” മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തന്നെ മടങ്ങിയെത്തുമെന്നുള്ള കാര്യം എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ഒരുപക്ഷേ അടുത്ത സമ്മറിൽ തന്നെ അതുണ്ടാവാം. കാരണം മെസ്സി അവിടെ ഹാപ്പിയല്ല. തീർച്ചയായും മെസ്സി ഒരു മികച്ച താരം തന്നെയാണ്.പക്ഷെ അദ്ദേഹത്തിന്റെ സ്ഥലം എന്നുള്ളത് ബാഴ്സയാണ്. അക്കാര്യത്തിൽ യാതൊരുവിധ സംശയങ്ങളുമില്ല.മെസ്സി പോയാൽ ബാഴ്സയല്ല, മറ്റേത് ക്ലബ്ബാണെങ്കിലും ബുദ്ധിമുട്ടുക തന്നെ ചെയ്യും.പക്ഷെ ബാഴ്സ പതിയെ അതിൽനിന്നും കരകയറുന്നുണ്ട് ” ഇതാണ് മറഡോണ ജൂനിയർ പറഞ്ഞിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) February 26, 2022
അതേസമയം മറഡോണയെയും മെസ്സിയെയും താരതമ്യം ചെയ്യുന്നതിൽ യാതൊരുവിധ യുക്തിയുമില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. അതിങ്ങനെയാണ്.
“എന്റെ പിതാവുമായി താരതമ്യം നടത്തേണ്ട ആവശ്യമില്ല. അർജന്റീനയിൽ മാത്രമല്ല,ലോകത്ത് തന്നെ പലരും താരതമ്യം നടത്തുന്നുണ്ട്. എന്നാൽ അതിൽ യാതൊരുവിധ യുക്തിയുമില്ല.ഫുട്ബോൾ ചരിത്രത്തിൽ എന്നെ സംബന്ധിച്ചെടുത്തോളം എന്റെ പിതാവിന് ശേഷമാണ് മെസ്സി വരിക ” ഇതാണ് മറഡോണയുടെ മകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ ഇറ്റാലിയൻ പ്രാദേശിക ക്ലബ്ബായ നാപോളി യുണൈറ്റഡിന്റെ പരിശീലകനാണ് മറഡോണ ജൂനിയർ.