മെസ്സി പോയത് റയലിന് ഗുണം, എംബപ്പേ ക്ലബ്ബിലേക്ക് എത്തുമെന്ന സൂചന നൽകി ക്രൂസ്!
സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് ചേക്കേറിയിരുന്നു. ഇപ്പോഴിതാ മെസ്സി ബാഴ്‌സ വിട്ടത് ചിരവൈരികളായ റയലിന് ഗുണം ചെയ്യുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡ് മധ്യനിരതാരമായ ടോണി ക്രൂസ്.തങ്ങളുടെ ഏറ്റവും വലിയ എതിരാളികൾക്ക് അവരുടെ മികച്ച താരത്തെ നഷ്ടപ്പെട്ടത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നം ക്രൂസ് അറിയിച്ചിട്ടുള്ളത്. കൂടാതെ റയൽ ഏറ്റവും കൂടുതൽ ലക്ഷ്യം വെക്കുന്ന കിലിയൻ എംബപ്പേ റയലിലേക്ക് എത്തുമെന്നുള്ള സൂചനകളും ക്രൂസ് നൽകിയിട്ടുണ്ട്.ചിലപ്പോൾ ഒരു പിഎസ്ജി താരം റയലിൽ ചേരുമെന്നാണ് ക്രൂസ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ക്രൂസ് ഒരു പോഡ്കാസ്റ്റിൽ പറഞ്ഞ വാക്കുകൾ മാർക്കയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Adding fuel to the fire 🔥https://t.co/VnRqEdIOZ9
— MARCA in English (@MARCAinENGLISH) August 18, 2021
” പിഎസ്ജിയുടെ കാര്യത്തിൽ ഇനി എന്തൊക്കെ സംഭവിക്കും എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം.പക്ഷേ മെസ്സിയുടെ പോക്ക് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. എന്തെന്നാൽ ഞങ്ങളുടെ ഏറ്റവും വലിയ എതിരാളികളുടെ മികച്ച താരത്തെയാണ് അവർക്കിപ്പോൾ നഷ്ടമായിരിക്കുന്നത്.മാത്രമല്ല അതിന്റെ അനന്തരഫലമായി മറ്റൊരു നല്ല കാര്യം കൂടി ഞങ്ങൾക്ക് സംഭവിച്ചേക്കാം.ഒരുപക്ഷെ ഒരു പിഎസ്ജി താരം ഞങ്ങളോടൊപ്പം ചേർന്നേക്കാം. എന്നാൽ അക്കാര്യത്തിൽ എനിക്ക് ഉറപ്പൊന്നുമില്ല ” ഇതാണ് ക്രൂസ് പറഞ്ഞിട്ടുള്ളത്. ഏതായാലും ട്രാൻസ്ഫർ വിൻഡോ അടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എംബപ്പേയെ ടീമിൽ എത്തിക്കാൻ റയലിന് സാധിക്കുമോ എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു.